‘ഉദയകൃഷ്ണ താങ്കള്‍ക്ക് അവതരിപ്പിക്കാനുള്ള എല്ലാ ഏജന്റുമാരെയും ഒരുമിച്ചു ഒരു സിനിമയില്‍ ആക്കി ഇറക്കാമോ’

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ തിയേറ്ററുകളിലെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ലക്കി…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ തിയേറ്ററുകളിലെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.

ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ രചന. സിദ്ധിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സതീശ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഉദയകൃഷ്ണ താങ്കള്‍ക്ക് അവതരിപ്പിക്കാനുള്ള എല്ലാ ഏജന്റുമാരെയും ഒരുമിച്ചു ഒരു സിനിമയില്‍ ആക്കി ഇറക്കാമോയെന്നാണ് ദീപു എം മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

‘ഇനി എന്റെ സിനിമയില്‍ സ്ത്രീ വിരുദ്ധ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉണ്ടാവുകയില്ല ‘. കുറച്ചു നാളുകള്‍ക്കു മുന്‍പ് തിരക്കഥകൃത്തു ഉദയകൃഷ്ണ പറഞ്ഞതാണ് ഇത്. അത് കഴിഞ്ഞു അദ്ദേഹത്തിന്റെതായി ഇറങ്ങിയ രണ്ടു ചിത്രങ്ങള്‍ ആണ് ആറാട്ടും മോണ്‍സ്റ്ററും. ഈ രണ്ടു ചിത്രങ്ങളിലും അനാവശ്യമായി കോമഡി എന്ന പേരില്‍ ദ്വയര്‍ത്ഥ പ്രയോഗങ്ങള്‍ കുത്തി നിറച്ചിരിക്കുകയാണ്. ഞാന്‍ ദാ കുടി നിര്‍ത്താന്‍ പോകുകയാണ് എന്ന് പറഞ്ഞിട്ട് നേരെ ബാറിലോട്ട് പോകുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. അത് പോലെയായി പോയി ഉദയകൃഷ്ണയുടെ പരാമര്‍ശവും.
ഉക്രി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ഏജന്റ് കഥാപാത്രം ആയി മോഹന്‍ലാല്‍ വരുന്ന ഈ സിനിമയ്ക്കു അത്യാവശ്യം കൊള്ളാവുന്ന ഒരു കഥ ഉണ്ടായിരുന്നു. എന്നാല്‍ ഉക്രിയുടെ ശരാശരിയിലും താഴെ നില്‍ക്കുന്ന തിരക്കഥയും മാസ്റ്റര്‍പീസ് മുതല്‍ നല്ല പുതുമയുള്ള ട്വിസ്റ്റ് ആയി എല്ലാ സിനിമയിലും എടുത്തിട്ട് പ്രയോഗിക്കുന്ന ഏജന്റ് നായകനും കൂടെ ആദ്യ പകുതിയിലെ മോഹന്‍ലാലിന്റെ അരോചക പ്രകടനവും ആയപ്പോള്‍ സിനിമയുടെ നിലവാരം വളരെ താഴെയായി പോയി. ലെസ്ബിയന്‍ റിലേഷനെ ഒക്കെ എത്ര മാത്രം അപക്വമായാണ് ഈ സിനിമ സമീപിച്ചിരിക്കുന്നത്.വൈശാഖ് കുറച്ചു സ്ഥലങ്ങളില്‍ സിനിമയെ ത്രില്ലിംഗ് ആക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും അതൊന്നും പൂര്‍ണമായും വിജയിക്കുന്നില്ല. കൊലയാളികളുടെ അവസാനത്തെ ഏറ്റു പറച്ചില്‍ ഒക്കെ വളരെ കോമഡി ആയി തോന്നി.നായകനെ മുന്നില്‍ നിര്‍ത്തി താന്‍ ചെയ്തതെല്ലാം ഏറ്റു പറയുന്ന കുറ്റവാളികള്‍.മലയാള സിനിമയിലെ കുറ്റന്വേഷണ സിനിമകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ഉള്ള ഈ ചടങ്ങ് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആരും മാറ്റാന്‍ ശ്രമിക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രിയപ്പെട്ട ഉദയകൃഷ്ണ താങ്കള്‍ക്ക് അവതരിപ്പിക്കാനുള്ള എല്ലാ ഏജന്റുമാരെയും ഒരുമിച്ചു ഒരു സിനിമയില്‍ ആക്കി ഇറക്കാമോ. കാരണം പല സിനിമകളില്‍ ആയിട്ട് ഇങ്ങനെ കാണുന്നതിലും നല്ലത് അത് തന്നെയാണ്. അതോ ഇനി ഒരുപാടു തിരക്കഥകള്‍ ഒരുമിച്ചു എഴുതുന്നത് കൊണ്ട് കഥാപാത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നതാണോ’ യെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ഷമീര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.