കിസ്സിങ് സീനില്‍ അഭിനയിച്ചതുകൊണ്ടാണോ ദുര്‍ഗയ്ക്ക് അവാര്‍ഡ് കിട്ടിയത്? മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ധ്യാന്‍

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സായാഹ്നവാര്‍ത്തകള്‍. ഡി4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍…

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സായാഹ്നവാര്‍ത്തകള്‍. ഡി4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വാര്‍ത്താസമ്മേളനത്തിനിടെ ഉടല്‍ സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളെക്കുറിച്ചും ചിത്രത്തിലെ ദുര്‍ഗ കൃഷ്ണയുടെ അഭിനയത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിലെ കിസ്സിങ് സീനിനെ കുറിച്ചും പരാമര്‍ശമുണ്ടായി. ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോഴും എന്തുകൊണ്ട് ധ്യാനിന് പുരസ്‌കാരം ലഭിച്ചില്ലെന്നും നായികയായ ദുര്‍ഗ കൃഷ്ണയ്ക്ക് പുരസ്‌കാരം ലഭിച്ചത് കിസ്സിങ് രംഗത്തില്‍ അഭിനയിച്ചതുകൊണ്ടാണോ എന്നുമൊക്കെയായിരുന്നു ചോദ്യങ്ങള്‍.

ഇതിന് ധ്യാന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ദുര്‍ഗയ്ക്ക് പുരസ്‌കാരം കിട്ടിയത് അവര്‍ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണെന്നും അല്ലാതെ ഇതില്‍ എന്താണ് താന്‍ പറയേണ്ടത് എന്നുമായിരുന്നു ധ്യാനിന്റെ ചോദ്യം. കിസ്സ് ചെയ്തതിനാണോ നായികയ്ക്ക് പുരസ്‌കാരം ലഭിച്ചതെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ കിസ്സ് ചെയ്ത തനിക്ക് അവാര്‍ഡ് ലഭിച്ചില്ലല്ലോ എന്നും ധ്യാന്‍ ചോദിച്ചു.

‘കിസ്സിങ് സീന്‍ ചെയ്യാന്‍ രണ്ടാള്‍ വേണമല്ലോ. ഒരാള്‍ക്കേ അവാര്‍ഡ് കൊടുത്തുള്ളൂ. ചിലപ്പോള്‍ കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആയി അവള്‍ ചെയ്തതുകൊണ്ടാവണം’ എന്നായിരുന്നു ചോദ്യമുയര്‍ത്തിയ ആളെ കളിയാക്കി ധ്യാന്‍ നല്‍കിയ മറുപടി.

അവാര്‍ഡ് കിട്ടാത്തതില്‍ വിഷമം ഉണ്ടോ എന്ന ചോദ്യവും ധ്യാനിന് നേരിടേണ്ടി വന്നു. ‘അത്തരത്തില്‍ ഒരു വിഷമവും ഇല്ല. ആ സിനിമ യഥാര്‍ത്ഥത്തില്‍ ഇന്ദ്രന്‍സേട്ടന്റേയും ദുര്‍ഗയുടേയും സിനിമയാണ്. ഞാന്‍ സപ്പോര്‍ട്ടിങ് ആക്ടറാണ്. ഇന്ദ്രന്‍സേട്ടനാണ് ലീഡ്. ഷൈനിയുടേയും കുട്ടിച്ചായന്റേയും സിനിമയാണ് അത്. ഞാന്‍ സപ്പോര്‍ട്ടിങ് താരമാണ്. ആ സിനിമയില്‍ അവള്‍ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണ് അവാര്‍ഡ് കിട്ടിയത്. അല്ലാതെ ഞാനിപ്പോള്‍ എന്ത് പറയാനാണ്’ എന്നും ധ്യാന്‍ ചോദിച്ചു.