കള്ളപ്പണക്കേസിലെ പ്രതിക്കൊപ്പം അമിത് ഷാ: ചിത്രം പങ്കുവെച്ച സംവിധായകന്‍ അറസ്റ്റില്‍

Published by
Vishnu.M

ദിവസങ്ങള്‍ക്ക് മുമ്പാണ് ഝാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി ഐ.എ.എസ് ഉദ്യോഗസ്ഥയായ പൂജാ സിംഘലാലിനെ കള്ളപ്പണ കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പൂജയുടെ ചാര്‍റ്റേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍ നിന്നും അടക്കം കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയിരുന്നു. നിയമാനുസൃതം അല്ലാതെ ഉദ്യോഗസ്ഥ സമ്പാദിച്ചതാണ് ഈ പണം അത്രയുമെന്നാണ് പ്രാഥമിക നിഗമനം.

ഉദ്യോഗസ്ഥയുടെ അറസ്റ്റിന് പിന്നാലെ ഉദ്യോഗസ്ഥയെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധിപ്പിച്ചുള്ള പ്രചരണങ്ങളും ചൂടുപിടിച്ചു. ഇതിനിടെ പൂജ, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു.

സംവിധായകന്‍ അവിനാഷ് ദാസാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ അവിനാഷിനെ അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

അനാര്‍ക്കലി ഓഫ് ആരാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അവനാഷ്. ഈ മാസം എട്ടിനാണ് ഇയാള്‍ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ചിത്രം അഞ്ച് വര്‍ഷം മുമ്പ് പകര്‍ത്തിയത് ആയിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. ഈ ചിത്രം ഇപ്പോള്‍ പരസ്യമാക്കുക വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അമിത് ഷായുടെ പ്രതിശ്ചായ തകര്‍ക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

വിഷയത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്. അവിനാഷിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഇതിനോടകം അപ്രത്യക്ഷമായി ക്കഴിഞ്ഞു. അതേ സമയം, അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥ പൂജ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്.

പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുമന്‍ കുമാറിനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഇയാളുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 17.51 കോടി രൂപയും പിടിച്ചെടുത്തിരുന്നു. പൂജാ സിംഘലിന് ഇയാളുമായുള്ള ബന്ധത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചതിനെ ത്തുടര്‍ന്നാണ് അറസ്റ്റ്.