ഇളയ രാജയുടെ മോദി സ്തുതിക്ക് പിന്നില്‍ സേവന നികുതി കേസ്: രാജ്യ സഭാംഗം ആയേക്കുമെന്നും സൂചന

സംഗീത സംവിധായകന്‍ ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് പിന്നില്‍ സേവന നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും ഉണ്ടെന്ന സൂചന. സേവന നികുതിയുമായി ബന്ധപ്പെട്ട് സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കേസില്‍ നിന്നും രക്ഷപ്പെടാനാണ്…

സംഗീത സംവിധായകന്‍ ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് പിന്നില്‍ സേവന നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും ഉണ്ടെന്ന സൂചന. സേവന നികുതിയുമായി ബന്ധപ്പെട്ട് സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കേസില്‍ നിന്നും രക്ഷപ്പെടാനാണ് ഇളയ രാജയുടെ അപ്രതീക്ഷിത മോദി സ്തുതി എന്നവമ് വിമര്‍ശനം ഉയരുന്നത്. ഈ ആരോപണം ശരിവയ്ക്കും വിധം ജി.എസ്.ടി. ഡയറക്ടറേറ്റ് ഇന്റലിജന്‍സ് വിഭാഗം ഇളയ രാജയ്ക്ക് അയച്ച സമന്‍സിന്റെ പകര്‍പ്പ് പുറത്തായതായി ദേശിയ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ഹാജരാകാന്‍ ഇളയരാജയ്ക്ക് രണ്ടുതവണ സമന്‍സ് നല്‍കിയിരുന്നു. പിന്നാലെ ഇറങ്ങിയ തന്റെ പുതിയ പുസ്തകത്തിന്റെ മുഖവുരയില്‍ മോദിയെ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറിനോട് ആണ് ഇളയരാജ താരതമ്യം ചെയ്തത്.

ഫെബ്രുവരി 28-ന് സേവന നികുതിയുമായി ബന്ധപ്പെട്ട് ഇളരാജയ്ക്ക് ആദ്യ സമന്‍സ് ലഭിച്ചു. തുടര്‍ന്ന് മാര്‍ച്ച് 10-ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം ലഭിച്ചു. എന്നാല്‍, ഹാജരാകാതെ വന്നതോടെ മാര്‍ച്ച് 21-ന് വീണ്ടും സമന്‍സ് നല്‍കി. മാര്‍ച്ച് 28-ന് ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും ഇളയരാജ ഹാജരായില്ല. ഇതിനുശേഷമാണ് പുസ്തകത്തില്‍ മോദിയെ പുകഴ്ത്തി മുഖവുര എഴുതിയത്. മുഖവുരയ്ക്ക് ശേഷം കേസുമായി ബന്ധപ്പെട്ട് മറ്റ് വാര്‍ത്തകളൊന്നും പുറത്തുവരുന്നില്ലെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇളയരാജ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുമ്പ് മോദിയെ പുകഴ്തി നടന്‍ രജനീകാന്തും രംഗത്തെത്തിയിരുന്നു. ഇതും സേവന നികുതി തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള താരത്തിന്റെ അടവാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.


അതേസമയം, ഇളയരാജയ്ക്ക് രാജ്യസഭാംഗത്വം ലഭിക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ രാജ്യസഭാ കാലാവധി കഴിയുന്ന മുറയ്ക്ക് ഇളയരാജയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമ നിര്‍ദേശം ചെയ്യുമെന്നാണ് അറിയുന്നത്. ഇതിനിടെ ഇളയ രാജയ്ക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന ഘടകം രംഗത്തെത്തി. ഇളയരാജയ്ക്ക് രാജ്യസഭാംഗത്വം നല്‍കുമോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഭാരത രത്‌നമാണ് നല്‍കേണ്ടതെന്നായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ മറുപടി.