ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി വരുന്നു; ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കില്ല

രാജ്യത്ത് സ്വന്തം ഡിജിറ്റല്‍ കറന്‍സി ഉടന്‍ നിലവില്‍ വരുന്നു. ഈ വര്‍ഷം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റിസര്‍വ് ബേങ്ക് ഈ വര്‍ഷം തന്നെ കറന്‍സി പുറത്തിറക്കുമെന്നും…

രാജ്യത്ത് സ്വന്തം ഡിജിറ്റല്‍ കറന്‍സി ഉടന്‍ നിലവില്‍ വരുന്നു. ഈ വര്‍ഷം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റിസര്‍വ് ബേങ്ക് ഈ വര്‍ഷം തന്നെ കറന്‍സി പുറത്തിറക്കുമെന്നും ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഡിജിറ്റല്‍ റുപ്പി എന്ന് അറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സി ആര്‍.ബി.ഐ പുറത്തിറക്കും.

ക്രിപ്‌റ്റോ കറന്‍സികളെ നിരോധിച്ചശേഷമായിരിക്കും ഇത് നടപ്പിലാക്കുക എന്ന വിദഗ്ധാഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും അവ നിരോധിക്കാതെ നികുതി ചുമത്തുന്ന നടപടിയാണ് സീതാരാമന്‍ കൈകൊണ്ടത്. ഡിജിറ്റല്‍ കറന്‍സികളെ കൂടുതല്‍ ഫലപ്രദമായി കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇടപാടുകളാണ് നടപ്പില്‍ വരുത്തുക. വെര്‍ച്യുല്‍ ആസ്തികള്‍ക്കു പ്രാധാന്യം വര്‍ധിക്കുന്ന ഈ സമയത്ത് ഇന്ത്യ സ്വന്തമായ ഡിജിറ്റല്‍ കറന്‍സി കൊണ്ടുവന്നത് മറ്റു രാജ്യങ്ങള്‍ക്കും പ്രചോദനമാകും.

പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ ഗവേഷണ – വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങള്‍ക്ക് അനുമതി നല്‍കാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപവത്ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.