നാലര മണിക്കൂര്‍ നിലം തൊടീക്കാതെ അന്വേഷണ സംഘം: കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയും നടനുമായ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ എത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം…

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയും നടനുമായ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ എത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്തത്. നാലര മണിക്കൂറിന് മുകളില്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിനൊപ്പം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം അന്വേഷിക്കുന്ന സംഘവും പത്മസരോവരത്തില്‍ എത്തിയിരുന്നു. ഇവരും കാവ്യയെ ചോദ്യം ചെയ്തതായാണ് സൂചന.

അതിജീവിതയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിന് ആസ്പദമായ സംഭവത്തിലേയ്ക്ക് നയിച്ചതെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പറയുന്നതായ ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. ഈ സന്ദേശത്തിലെ വിവരങ്ങളുടെ വസ്തുത അന്വേഷിക്കാനും, അതിജീവിതയും ദിലീപും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചറിയാനും ആണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുമ്പും കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള ശ്രമം അന്വേഷണ സംഘം നടത്തിയിരുന്നു. എന്നാല്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ സാക്ഷിക്ക് ലഭിക്കുന്ന പ്രിവിലേജുകള്‍ ഉപയോഗപ്പെടുത്തിയ കാവ്യ തനിക്ക് അനുയോജ്യമായ സ്ഥലത്ത് മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് നിലപാട് വ്യക്തമാക്കി. ഇത് അംഗീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീണ്ടുപോവുകയായിരുന്നു.

നടിയോട് ആലുവയിലെ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നതിനായി കാവ്യയോട് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരന്നു. എന്നാല്‍ ആവശ്യം നിരസിച്ച കാവ്യ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥലത്ത് ചോദ്യം ചെയ്യല്‍ നടത്തണമെന്നും ഇതിനായി വീട്ടില്‍ എത്തണമെന്നും അന്വേഷണ സംഘത്തിന് മറുപടി നല്‍കി.

എന്നാല്‍ ചില ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടുവേണം ചോദ്യം ചെയ്യല്‍ നടത്താന്‍ എന്നും ഇതിനായി പോലീസ് ക്ലബ്ബില്‍ തന്നെ എത്തണമെന്നും അന്വേഷണ സംഘം ആവര്‍ത്തിച്ചു. എന്നാല്‍ കാവ്യ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരമാധി രഹസ്യമായി സൂക്ഷിക്കാനാണ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.