ഹ്യൂമര്‍ സെന്‍സും നോണ്‍ സെന്‍സും തമ്മില്‍ ഭയങ്കര വ്യത്യാസമുണ്ട്; അവതാരകയെ ട്രോളി കുഞ്ചാക്കോ ബോബന്‍

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടീസറും…

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടീസറും ഗാനരംഗങ്ങളുമൊക്കെ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഐസ് ബ്രേക്കിങ്ങ് വിത്ത് വീണ എന്ന ചാറ്റ് ഷോയാണ് ശ്രദ്ധേയമാകുന്നത്. പരസ്പരം ട്രോളിയും കമന്റടിച്ചും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഇന്റര്‍വ്യൂ ആയിരുന്നു ഇത്. കഴിക്കാന്‍ ചായയും ബിസ്‌കറ്റും ഉണ്ട് എന്ന് വീണ പറയുമ്പോള്‍
എനിക്കേറ്റവും ഇഷ്ടം കഞ്ഞിയാണ് എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. എങ്കില്‍ കഞ്ഞിച്ചേട്ടാ പറയൂ എന്നായിരുന്നു വീണ പറയുന്നത്.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പേര് പോലെ ജീവിതത്തില്‍ അങ്ങനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് വീണ ചോദിക്കുന്നുണ്ട്. ഒരു കാലത്ത് റിയല്‍ എസ്റ്റേറ്റില്‍ സജീവമായിരുന്ന ചാക്കോച്ചന്‍ ന്നാ താന്‍ കേസ് കൊട് എന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ‘ ഞാന്‍ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. പുള്ളി എന്നെ നല്ല രീതിയില്‍ വലിപ്പിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. എനിക്ക് നഷ്ടപരിഹാരം നല്‍കണം എന്ന വിധി വന്നു. അതോടെ ഞാന്‍ ആ പ്രശ്‌നം അവസാനിപ്പിച്ചു. കേസും നിര്‍ത്തി, റിയല്‍ എസ്റ്റേറ്റും നിര്‍ത്തി’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. അതുപോലെ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഗായത്രിയോടും വീണ ചോദിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു പ്രശ്‌നം ഇതുവരെ ഉണ്ടായിട്ടില്ലെന്നായിരുന്നു ഗായത്രിയുടെ മറുപടി.

സിനിമയിലെ മേക്കപ്പിനെക്കുറിച്ചും ഇന്റര്‍വ്യൂവില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തന്റെ പല്ലായിരുന്നു അതില്‍ പ്രധാന ഘടകമെന്നും തന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് എന്ന് വിളിക്കുന്നത് പോലെ നാഴികപ്പല്ല് എന്നാണതിനെ വിളിക്കുന്നതെന്നുമാണ് നര്‍മ്മം കലര്‍ത്തി കുഞ്ചാക്കോ ബോബന്‍ പറയുന്നത്. തന്റെ സുഹൃത്ത് കൂടിയായ ഡോ. എബ്രഹാം കോരത്ത് ആണ് ആ പല്ലുകള്‍ സെറ്റ് ചെയ്ത് നല്‍കിയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘ചിത്രത്തില്‍ കാസര്‍കോട് ഭാഷയാണ് സംസാരിക്കുന്നത്. അതെനിക്ക് വശമില്ല. അപ്പോഴാണ് ഒരു പാട്ടിന് വേണ്ടി ചെറിയൊരു ഡയലോഗ് കാസര്‍കോട് ഭാഷയില്‍ സംസാരിച്ച് നോക്കിയത്. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ രതീഷ് ഇത് നന്നായിട്ടുണ്ടെന്നും അതുകൊണ്ട് സിനിമയില്‍ മൊത്തം ഇതേ സ്ലാങ് ഉപയോഗിക്കാമെന്നും പറയുകയായിരുന്നു’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ചാക്കോച്ചനെ കുറിച്ച് ഒരു രഹസ്യം പറയാന്‍ വീണ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം ഒരു തുറന്ന പുസ്തകമായിരുന്നു എന്നായിരുന്നു ഗായത്രിയുടെ മറുപടി.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വീണ ചോദിക്കുന്നുണ്ട്. ‘പൊതുവാള്‍ എന്നോട് ആദ്യം പറഞ്ഞത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥയാണ്. അന്നെനിക്ക് കഥ മനസിലായില്ല. അദ്ദേഹം പോയി അത് സൂപ്പര്‍ ഹിറ്റാക്കി. അപ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു ഇങ്ങനെയാണോ കഥ പറയുന്നത് എന്ന്. പിന്നീട് കൊണ്ടുവന്ന കഥയാണ് ന്നാ താന്‍ കേസ് കൊട്. ആ കഥ എനിക്കിഷ്ടമായി’ എന്നാണ് കുഞ്ചാക്കോ ബോബന്‍ അതിന് കാരണമായി പറഞ്ഞത്.

സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഭയങ്കര ഹ്യൂമര്‍ സെന്‍സുള്ള വ്യക്തിയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുമ്പോള്‍ എന്നെപ്പോലെ എന്നാണ് വീണ പറയുന്നത്. എന്നാല്‍ ഇതിന് മറുപടിയായി ഹ്യൂമര്‍ സെന്‍സും നോണ്‍ സെന്‍സും തമ്മില്‍ ഭയങ്കര വ്യത്യാസമുണ്ട് എന്നായിരുന്നു ചാക്കോച്ചന്‍ വീണയെ ട്രോളിയത്. എന്നാല്‍ ‘ഐ നോ ദാറ്റ്, ഞാന്‍ നല്ല ഹ്യൂമര്‍സെന്‍സുള്ള കൂട്ടത്തിലാണെന്നാണ് വീണ പറയുന്നത്. സംസാരത്തിനിടയില്‍ 10 കൊല്ലം കഴിയുമ്പോള്‍ ചാക്കോച്ചന്റെ സിനിമ ഉണ്ടാകുമോ എന്ന് വീണ ചോദിക്കുന്നുണ്ട്. ‘ഞാനുണ്ടാകും പക്ഷെ, പത്ത് കൊല്ലം കഴിയുമ്പോള്‍ നിങ്ങളുണ്ടാകില്ല. ഈ സ്വഭാവം വെച്ച് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ആരെങ്കിലും തല്ലിക്കൊല്ലും എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഡോക്ടര്‍ റോബിന്റെ ഇന്റര്‍വ്യുവിന് ശേഷം വീണ വീണ്ടും ബഹിരാകാശത്തേക്ക്, ഇതുപോലെ ഒരു ഇന്റര്‍വ്യൂവിന് വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് എത്തിയിരിക്കുന്നത്.

ഗായത്രി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. രാജേഷ് മാധവന്‍, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ്.ടി.കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഓഗസ്റ്റ് 12 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.