മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് സിസ്റ്റര്‍ ലിനിയുടെ. നിപ്പയോടു പൊരുതി വീണ് ഈ ലോകത്തു നിന്നു മണ്മറഞ്ഞ ലിനിയെന്ന പോരാളി എന്നും ഓരോ മലയാളിയുടേയും മനസിലുണ്ടാകും.
ലിനിയുടെ ഓര്‍മകളെ കരുത്താക്കി തന്റെ മക്കളെ ചിറകിനടിയിലേക്ക് ചേര്‍ത്തു പിടിച്ച സജീഷെന്ന അച്ഛന് പുതിയൊരു ജീവിതത്തിലേക്ക് കടന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയായ പ്രതിഭയെയാണ് സജീഷ് പുനര്‍ വിവാഹം ചെയ്തത്. വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. സജീഷിന്റെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു. പ്രതിഭയുടെ മകളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു.
നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം.
എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. ലിനി മരിക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ് സജീഷ്.