‘ ഇവിടെ അരിവിതരണം നടക്കുന്നുണ്ട്, പൃഥ്വിരാജിനോട് ഒന്ന് ഉദ്ഘാടനം ചെയ്യാന്‍ പറയാമോ’? ചില ഫോണ്‍വിളികളെ കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

മലയാളത്തില്‍ ഏറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് പൃഥിരാജ്-ലീസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുകെട്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി ഇവര്‍ നല്‍കുന്ന അഭിമുഖങ്ങളിലും പൃഥ്വിയുടെയും ലിസ്റ്റിന്റെയും സൗഹൃദത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക് മനസിലാവാറുണ്ട്. ഡ്രൈവിങ് ലൈസന്‍സ്,…

മലയാളത്തില്‍ ഏറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് പൃഥിരാജ്-ലീസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുകെട്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി ഇവര്‍ നല്‍കുന്ന അഭിമുഖങ്ങളിലും പൃഥ്വിയുടെയും ലിസ്റ്റിന്റെയും സൗഹൃദത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക് മനസിലാവാറുണ്ട്.

ഡ്രൈവിങ് ലൈസന്‍സ്, ജന ഗണ മന, കടുവ തുടങ്ങിയ ഹിറ്റ് സിനിമകളെല്ലാം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്നെ തേടിയെത്താറുള്ള രസകരമായ ചില ഫോണ്‍വിളികളെക്കുറിച്ച് പറയുകയാണ് ലിസ്റ്റിന്‍. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ അത്തരം ഫോണ്‍വിളികളെക്കുറിച്ച് തുറന്ന് പറഞ്ഞത്. പൃഥ്വിരാജിനോടുള്ള തന്റെ ബന്ധം കാരണം ഓരോ ഉദ്ഘാടനങ്ങള്‍ക്ക് പൃഥ്വിയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആളുകള്‍ തന്നെ വിളിക്കാറുണ്ട്. വടംവലി മത്സരവും അരി വിതരണവുമൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പൃഥ്വിരാജിനോട് പറയാമോ എന്ന് ചോദിച്ച് ആളുകള്‍ വിളിക്കുമെന്നും ചെയ്ത് കൊടുത്തില്ലെങ്കില്‍ ഞാനിപ്പൊ വലിയ ആളായി പോയതിന്റെ ജാഡയാണെന്ന് വിചാരിക്കുമെന്നുമാണ് ലിസ്റ്റിന്‍ പറഞ്ഞത്.

‘വടംവലി മത്സരത്തിന് ആശംസകള്‍ പറയാന്‍ പൃഥ്വിരാജിനോട് ഒന്ന് പറയാമോ. ഇന്ന സ്ഥലത്ത് നടക്കുന്ന വടംവലി ഉദ്ഘാടനത്തിന് വരാന്‍ പറയാമോ. ഈ സ്ഥലത്ത് അരി വിതരണം നടക്കുന്നുണ്ട്, ഒന്ന് പൃഥ്വിരാജിനോട് ഉദ്ഘാടനം ചെയ്യാന്‍ പറയാമോ. നല്ല ആളൊക്കെ കൂടുന്ന പരിപാടിയാണെന്ന് പൃഥ്വിരാജിനോട് പറ, എന്നൊക്കെ ആളുകള്‍ വിളിച്ചിട്ട് പറയും. പൃഥ്വിരാജ് കാണാത്ത ആളുകളാണോ എന്ന് ഞാന്‍ വിചാരിക്കും. ഇവര്‍ എല്ലായിടത്തും ഉദ്ഘാടനം നടത്തുന്നതല്ലേ. ഇപ്പൊ സ്‌കൂളില്‍ യുവജനോത്സവം പരിപാടി നടക്കുന്നു, പൃഥ്വിരാജിനോട് അവിടെ ഗസ്റ്റ് ആയി വരാന്‍ പറയാന്‍ പറഞ്ഞ് ആളുകള്‍ വിളിക്കും. ഇത് ഞാന്‍ ചെയ്ത് കൊടുത്തില്ലെങ്കില്‍, ‘ഓ അവനിപ്പൊ സിനിമയില്‍ കയറി വലിയ ആളായി, പണ്ടൊക്കെ എങ്ങനെ നടന്നതാണ്’ എന്ന് പറയും. ഇതാണ് അവരുടെ ചിന്താഗതി. അവരുടെ മനസിന്റെ വലിപ്പം അത്രയേ ഉള്ളൂ. അവര്‍ അങ്ങനെയായിരിക്കും ചിന്തിക്കുന്നത്’. എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകള്‍.

ഓരോ ദിവസവും പൃഥ്വിരാജ് വിളിക്കുമ്പോള്‍ ‘അവിടെ ഒരു വടംവലിയുണ്ട്, ഇവിടെ അരി വിതരണമുണ്ട്,’ എന്ന് പറയാന്‍ കഴിയുമോ എന്നും ഒരെണ്ണം ചെയ്ത് കൊടുത്താല്‍ പിന്നെ മറ്റ് പലയിടങ്ങളില്‍ നിന്നായി ആളുകള്‍ വിളിതുടങ്ങുമെന്നു അങ്ങനെ വന്ന് കഴിഞ്ഞാല്‍ തനിക്കിത് എപ്പോഴും ചെന്ന് പൃഥ്വിരാജിനോട് പറയാന്‍ പറ്റുമോ എന്നും ലിസ്റ്റിന്‍ ചോദിക്കുന്നു.