‘ഇനി അത്തരം റോളുകള്‍ ചെയ്യില്ല’; നിലപാട് വ്യക്തമാക്കി മാധവന്‍

Published by
Aswathy

തമിഴകത്ത് മാത്രമല്ല, കേരളത്തിലുള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് മാധവന്‍. റൊമാന്റിക് ഹീറോയായും ആക്ഷന്‍ ഹീറോയായും ഒരുപോലെ തിളങ്ങിയ താരം കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ സംവിധാന രംഗത്തേക്കും മാധവന്‍ കടന്നിരിക്കുകയാണ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി ദി നമ്പി എഫക്ടിലൂടെയാണ് മാധവന്‍ സംവിധാന രംഗത്തേക്ക് എത്തിയിരിക്കുന്നത്. ഇതില്‍ കേന്ദ്ര കഥാപാത്രമായ നമ്പി നാരായണന്റെ വേഷം ചെയ്യുന്നതും മാധവനാണ്. അദ്ദേഹമിപ്പോള്‍ സുപ്രധാനമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ്.

പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇനി പ്രണയരംഗങ്ങളില്‍ അഭിനയിക്കാനില്ലെന്നും പ്രായത്തിനനുസരിച്ചുള്ള റോളുകള്‍ മാത്രമേ ചെയ്യൂ എന്നുമാണ് മാധവന്റെ തീരുമാനം. എന്നാല്‍ പ്രായത്തിന് ചേരുന്ന വിധം തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ പ്രണയരംഗങ്ങള്‍ അഭിനയിക്കും. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘സിനിമാ വ്യവസായത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്ന് എന്റെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ മനസ്സിലാക്കി. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് ഇതുവരെ പിന്തുടര്‍ന്നത്. എനിക്ക് ഒരു നടനാകാന്‍ ആഗ്രഹമില്ലായിരുന്നു. എന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍പോലും സിനിമയില്‍ ഉണ്ടായിരുന്നില്ല, എനിക്ക് ആരെയും അറിയില്ലായിരുന്നു, പക്ഷേ ഞാന്‍ ഇപ്പോഴും ഇവിടെയുണ്ട്. ഞാന്‍ എന്തെങ്കിലും ശരിയായി ചെയ്തിരിക്കണം’. എന്നും മാധവന്‍ അഭിമുഖത്തിനിടെ പറഞ്ഞു.

ജൂലൈയിലാണ് റോക്കട്രി ദി നമ്പി എഫക്ട് തിയറ്ററുകളിലെത്തുക. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തും. ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ‘റോക്കട്രി- ദ നമ്പി ഇഫക്ട്.’