ഇനി അധികം കാത്തിരിക്കേണ്ട; റോഷാക്ക് ചിത്രീകരണം പൂർത്തിയായി

ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ത്രില്ലർ ചിത്രമായി…

ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.

ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ വന്നതുമുതൽ ആരാധകർ വലിയ ആവേശത്തിലാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ ചെറിയ അപ്‌ഡേഷൻ പോലും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ മമ്മൂട്ടിയുടെ ആരാധകർക്ക് വലിയ പ്രതീക്ഷ ഉണർത്തുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേരളത്തിലെ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും തീർന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദുബായിൽ നാല് ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ഇനി ബാക്കിയുള്ളത് എന്നാണ് സൂചന. ഇതോട് കൂടി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകും.

ഷൂട്ടിങ് പൂർത്തിയാകാറായി എന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. ഉടൻ തന്നെ ചിത്രം തീയറ്ററിൽ കാണാമെന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതേസമയം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണിത്. ലിജോ ജോസ് സംവിധാനം ചെയ്യുന്ന നൽപകൽ നേരത്ത് എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്.

സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ആണ്. ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിങ് കിരൺ ദാസ്, ഗരുഡ ഗമന വൃഷഭ വാഹന’ എന്ന കന്നഡത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് സംഗീതം നിർവഹിക്കുന്നത്. എൻ.എം.ബാദുഷയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.