‘ പാലായില്‍ നാളെ രാക്കുളി പെരുന്നാളാടാ… പാല ഉറങ്ങാത്ത രാത്രി’; പാലാപ്പള്ളി വീഡിയോ പുറത്ത്

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് കടുവ. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും…

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് കടുവ. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ പാട്ടായിരുന്നു പാലാ പള്ളി തിരുപള്ളി എന്ന ഗാനം. ക്ലൈമാക്സിലെ നായകനും വില്ലനും തമ്മിലുള്ള ഫൈറ്റിന് കൂടുതല്‍ ആവേശം പകരുന്നത് ഈ ഗാനമായിരുന്നു. ചിത്രത്തിന്റെ റിലീസിന് മുമ്പേതന്നെ പുറത്ത് വന്ന പാലാ പള്ളി പ്രൊമോഷന്‍ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. 10 മില്യണ്‍ ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

ഇപ്പോള്‍ പാട്ടിന്റെ വീഡിയോ വേര്‍ഷന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാലായിലെ രാക്കുളി പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നായകനായ കുര്യച്ചനെ ഇല്ലാതാക്കാനായി വില്ലനായ ജോസഫ് ചാണ്ടി കരുക്കള്‍ നീക്കുന്നതാണ് ഗാനരംഗങ്ങളില്‍ ഉള്ളത്.

സന്തോഷ് വര്‍മ്മയും ശ്രീഹരി തറയിലും ചേര്‍ന്ന് വരികളെഴുതിയിരിക്കുന്ന ഗാനം അതുല്‍ നറുകരയാണ് ആലപിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ടീം സോള്‍ ഓഫ് ഫോക്കിന്റേതാണ് ഗാനം.

കടുവയിലെ ഈ ഗാനത്തിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് വിവാദം ഉയര്‍ന്നിരുന്നു. മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ
കൂളിയൂട്ടില്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ടെന്നും
ഈ പാട്ടിനെ വരികള്‍ മാറ്റി സവര്‍ണ്ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചതെന്നുമായിരുന്നു ആരോപണം.