ഭാര്യയുടെ മുഖം അച്ചടിച്ച തലയിണയുമായി യാത്ര; ഈ വര്‍ഷത്തെ മികച്ച ഭര്‍ത്താവ് ഇവന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ചിലര്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയങ്കര മടിയാണ്. ഓരോ യാത്രയും ആനന്ദകരമാക്കാനാണ് അവര്‍ക്ക് താല്‍പര്യം. എന്നാല്‍ ഫിലിപ്പീന്‍ സ്വദേശിയായ റേയ്മണ്ട് ഫോര്‍ചുനാഡോ അതിനായി കണ്ടെത്തിയ മാര്‍ഗം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തീരെ…

ചിലര്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയങ്കര മടിയാണ്. ഓരോ യാത്രയും ആനന്ദകരമാക്കാനാണ് അവര്‍ക്ക് താല്‍പര്യം. എന്നാല്‍ ഫിലിപ്പീന്‍ സ്വദേശിയായ റേയ്മണ്ട് ഫോര്‍ചുനാഡോ അതിനായി കണ്ടെത്തിയ മാര്‍ഗം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തീരെ താല്‍പര്യമില്ലാതിരുന്ന ഈ യുവാവിന്റെ സഹയാത്രികയെ കണ്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഞെട്ടുന്നത്. ഭാര്യയുടെ മുഖം അച്ചടിച്ച തലയിണയും കൊണ്ടാണ് ഇയാള്‍ വിനോദ യാത്ര പോയത്. ഇദ്ദേഹം തന്നെയാണ് ഈ യാത്രയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതോടെയാണ് സംഭവം ലോകം മുഴുവന്‍ അറിഞ്ഞത്.

ഭാര്യ ജൊവാന്‍ ഫോര്‍ചുനാഡോയ്ക്കൊപ്പം യാത്ര പോകാനായിരുന്നു റേയ്മണ്ടിന്റെ പദ്ധതി. ഇരുവരും ഇതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ യാത്രയുടെ അവസാന നിമിഷം മോഡലായ ജൊവാന് അവധി കിട്ടിയില്ല. ഇതോടെ ഏറെ കാത്തിരുന്ന യാത്ര അദ്ദേഹം തന്നെ ഒറ്റയ്ക്ക് നടത്തേണ്ടി വന്നു. എന്നാല്‍ ജൊവാന്റെ അസാന്നിധ്യം ആ യുവാവിന് സഹിക്കാന്‍ കഴിഞ്ഞില്ല. അതോടെ അവളുടെ മുഖം പ്രിന്റ് ചെയ്ത ഒരു തലയിണ റേയ്മണ്ട് കൂടെ കൂട്ടുകയായിരുന്നു.

എവിടെ പോകുമ്പോഴും ഭാര്യയേയും കൂടെ കൂട്ടുമെന്ന് അയാള്‍ ഭാര്യക്ക് വാക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് തലയിണ കൂടെത്തന്നെ കൊണ്ടുനടക്കുന്നതെന്നാണ് റേയ്മണ്ട് പറയുന്നത്. യാത്രയ്ക്ക് തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിന് ശേഷം ജൊവാന്‍ തന്നെയാണ് തന്റെ മുഖമുള്ള തലയിണ ഭര്‍ത്താവിന് നല്‍കിയത്. വിനോദ യാത്രയ്ക്കിടെ പോയ സ്ഥലങ്ങളില്‍ എല്ലാം റേയ്മണ്ട് ആ തലയിണയും കൊണ്ട് പോയി. പോയ സ്ഥലങ്ങളിലെല്ലാം ആ തലയിണ വച്ച് അയാള്‍ ചിത്രങ്ങളും എടുത്തിട്ടുണ്ട്. എല്ലായിടത്തും ഭാര്യയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനാണ് ഇതെന്നാണ് റേയ്മണ്ട് പറയുന്നത്.