‘റീമേക്കുകളുടെ കാലം കഴിഞ്ഞു’; ഇന്ത്യന്‍ സിനിമയുടെ ഭാവിയെക്കുറിച്ച് പൃഥ്വിരാജ്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് കടുവ. എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ…

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് കടുവ. എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഭാവിയില്‍ ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ പറ്റിയാണ് പൃഥ്വിരാജ് പറയുന്നത്. നിര്‍മാണ കമ്പനികള്‍ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സിനിമകള്‍ നിര്‍മിക്കുന്ന കാലത്തേക്ക് എത്തുമെന്നും അത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിക്ക് വലിയ വളര്‍ച്ച സമ്മാനിക്കുമെന്നുമാണ് പൃഥിരാജ് പറയുന്നത്.

‘റീമേക്കുകളുടെ കാലം കഴിഞ്ഞു ഇനി ഏതൊരു ഭാഷയില്‍ ഇറങ്ങുന്ന സിനിമയ്ക്കും ഭാഷക്കപ്പുറം കാഴ്ചക്കാരുണ്ടാകും, ഞാന്‍ കെ.ജി.എഫ് രണ്ടാം ഭാഗവുമായി സഹകരിച്ചത് കൊണ്ടാണ് അവര്‍ ഒരു മലയാള സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. അതുപോലെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനും എല്ലാ ഭാഷയിലും ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. വിക്രം നിര്‍മിച്ച രാജ് കമല്‍ ഇന്റര്‍നാഷണല്‍ മലയാള സിനിമകള്‍ ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഇത്തരത്തില്‍ ഭാഷക്ക് അപ്പുറമുള്ള സഹകരണമാണ് ഇന്ത്യന്‍ സിനിമയെ വളര്‍ത്തുക. ഇത് തന്നെയാണ് ഭാവി എന്നാണ് ഞാന്‍ കരുതുന്നത്’- പൃഥിരാജ് പറഞ്ഞു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.
കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുക. വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ജൂണ്‍ 30ന് നടത്താനിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.