വൈറല്‍ സത്യഭാമ റീലുമായി പ്രിയ ജയചന്ദ്രന്‍!!!

സൈബര്‍ ലോകത്ത് ‘സത്യഭാമ’യാണ് താരം. എല്ലാവരും സത്യഭാമയ്ക്ക് പിറകെയാണ്. സഞ്ജിത് ഹെഗ്‌ഡെ എന്ന 24കാരനായ ഗായകനാണ് ‘സത്യഭാമേ’യെ വൈറല്‍ റീമിക്‌സാക്കിയത്. സഞ്ജിത് ഈ ഗാനത്തിന്റെ റീമിക്‌സ് പങ്കുവച്ചു മണിക്കൂറുകള്‍ക്കകം ‘സത്യഭാമ’ ട്രെന്‍ഡിങ് ആയി. 1980ല്‍…

സൈബര്‍ ലോകത്ത് ‘സത്യഭാമ’യാണ് താരം. എല്ലാവരും സത്യഭാമയ്ക്ക് പിറകെയാണ്. സഞ്ജിത് ഹെഗ്‌ഡെ എന്ന 24കാരനായ ഗായകനാണ് ‘സത്യഭാമേ’യെ വൈറല്‍ റീമിക്‌സാക്കിയത്. സഞ്ജിത് ഈ ഗാനത്തിന്റെ റീമിക്‌സ് പങ്കുവച്ചു മണിക്കൂറുകള്‍ക്കകം ‘സത്യഭാമ’ ട്രെന്‍ഡിങ് ആയി.

1980ല്‍ പുറത്തിറങ്ങിയ ‘രവിചന്ദ്ര’ എന്ന ചിത്രത്തിനു വേണ്ടി ഉപേന്ദ്ര കുമാര്‍ ഈണമിട്ട ‘സത്യഭാമേ’. ഇത് അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. രാജ്കുമാര്‍ ആണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കന്നഡ സിനിമാ പ്രേമികള്‍ക്കു മാത്രം പരിചിതമായിരുന്ന ഗാനമാണിപ്പോള്‍ യുവഹൃദയങ്ങള്‍ നെഞ്ചേറ്റിയിരിക്കുന്നത്.

സഞ്ജിത്തിന്റെ റീല്‍ വൈറലായതോടെ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാട്ടിനൊപ്പം നൃത്തം ചെയ്തും ചുണ്ടുകളനക്കിയും അഭിനയിച്ചുമൊക്കെ റീല്‍ വിഡിയോകള്‍ ചെയ്തിരുന്നു.

ഇപ്പോഴിതാ ഒടുവിലായി ശ്രദ്ധിക്കപ്പെടുന്നത് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്റെ ഭാര്യ പ്രിയയുടെ വീഡിയോയാണ്. തിരുവനന്തപുരത്തുള്ള സറീന ബുട്ടീക്കിനു വേണ്ടിയാണ് പ്രിയ ജയചന്ദ്രന്‍ സത്യഭാമ റീല്‍ ചെയ്തിരിക്കുന്നത്.

പ്രിയ സാരികളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. സറീനയുടെ സാരി കളക്ഷനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് സത്യഭാമ ഗാനത്തിനൊപ്പം റീല്‍ വിഡിയോയാക്കി ചെയ്തിരിക്കുന്നത്.


മികച്ച മോഹിനിയാട്ടം നര്‍ത്തകി കൂടിയാണ് പ്രിയ. ഒരിക്കല്‍ പ്രിയ ഞങ്ങളുടെ ഒരു സാരി ഉടുത്ത് ഡാന്‍സ് ചെയ്തത് ജയചന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതു കണ്ടിട്ടാണ് പ്രിയയെ സറീനയുടെ മോഡലാക്കാന്‍ തീരുമാനിച്ചതെന്ന് ഉടമ ഷീല ജെയിംസ് പറഞ്ഞു.

ഇപ്പോള്‍ റീല്‍സുകളാണ് ട്രെന്‍ഡ്. ഫോട്ടോഗ്രാഫി ചെയ്തവര്‍ തന്നെയാണ് ട്രെന്‍ഡിങ് ആയ ‘സത്യഭാമേ’ എന്നുള്ള പാട്ടിനെ തിരഞ്ഞെടുത്തത്. പ്രിയ ഒരു നര്‍ത്തകിയും ആയതുകൊണ്ട് ഡാന്‍സ് പോസുകള്‍ കൂടി എടുപ്പിച്ചു. അതെല്ലാം കൂടി വച്ചാണ് റീല്‍സ് ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ശ്രദ്ധേയമായി.