ഡോക്ടര്‍ റോബിന് നായികയാകാന്‍ ആരതിയോ..? നിര്‍മ്മാതാവിനൊപ്പമുള്ള ഫോട്ടോകള്‍ വൈറലാകുന്നു

ബിഗ് ബോസ് ഷോയിലൂടെ വലിയൊരു ആരാധകസമൂഹത്തെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്ത് വന്ന് ദിവസങ്ങള്‍ക്ക് ശേഷം നടിയും മോഡലുമായി ആരതിയുമായി ഡോക്ടര്‍ റോബിന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.…

ബിഗ് ബോസ് ഷോയിലൂടെ വലിയൊരു ആരാധകസമൂഹത്തെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്ത് വന്ന് ദിവസങ്ങള്‍ക്ക് ശേഷം നടിയും മോഡലുമായി ആരതിയുമായി ഡോക്ടര്‍ റോബിന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആരതിയ്‌ക്കൊപ്പമുള്ള ഡോക്ടര്‍ റോബിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

ബിഗ് ബോസിലെ തന്നെ മറ്റൊരു കണ്ടസ്റ്റന്‍ഡ് ആയിരുന്ന ദില്‍ഷ റോബിന്റെ പ്രണയം നിരസിച്ചതോടെയാണ് ആരതിയുടെ പേര് റോബിന്റെ പേരിന് ഒപ്പം ഉയര്‍ന്ന് കേട്ടത്. ഇപ്പോഴിതാ ആരതിയും ഡോക്ടറും ഒരുമിച്ച് ഒരു സിനിമയില്‍ എത്തുകയാണെന്ന സംസാരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നിര്‍മ്മാതാവ് എന്‍.എം ബാദുഷയ്‌ക്കൊപ്പം നില്‍ക്കുന്ന ഇരുവരുടേയും ഫോട്ടോയാണ് റോബിന് നായികയായി ആരതി എത്തുന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍. ഇവര്‍ സമൂഹമാധ്യമങ്ങള്‍ വഴി ബാദുഷയ്ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ്. ആരതിയെ വിവാഹം കഴിക്കുമോ..

നിങ്ങള്‍ പ്രണയത്തിലാണോ.. എന്നീ ചോദ്യങ്ങള്‍ മുന്‍പും റോബിനോട് പലരും അഭിമുഖങ്ങളിലടക്കം ചോദിച്ചിരുന്നു.. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് എന്നായിരുന്നു അപ്പോഴെല്ലാം റോബിന്‍ നല്‍കിയിരുന്ന മറുപടി. ഇപ്പോഴിതാ നിര്‍മ്മാതാവിന് ഒപ്പമുള്ള റോബിന്റേയും ആരതിയുടേയും ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റോബിന് നായികയായി ആരതി എത്തുകയാണോ എന്നാണ് ആരാധകരും ചോദിക്കുന്നത്. അതേസമയം, മലയാള സിനിമാ രംഗത്തേക്കുള്ള റോബിന്റെ അരങ്ങേറ്റം ഇതിനോടകം തന്നെ പ്രഖ്യാപിച്ചതാണ്. സന്തോഷ് ടി കുരുവിള എന്ന പ്രശസ്ത നിര്‍മ്മാതാവിന്റെ സിനിമയിലൂടെയാണ് റോബിന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുക.

ഇതിന്റെ വിവരങ്ങള്‍ നാളുകള്‍ക്ക് മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു. റോബിനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്ത് നടന്‍ മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. റോബിന്റെ രണ്ടാമത്തെ സിനിമ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്തായാലും ഡോക്ടര്‍ റോബിന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ക്കായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.