കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വീണ്ടും വിവാഹിതയായി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയാണ് സാമൂഹിക പ്രവര്‍ത്തകയായ കനക ദുര്‍ഗ്ഗയെ വിവാഹം ചെയ്തത്. ‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാര്‍ഥ സമരനായകനാണ് വിളയോടി ശിവന്‍കുട്ടി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

2020ലാണ് കനക ദുര്‍ഗ്ഗ ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗപറഞ്ഞിരുന്നു. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി.

ശബരിമലയില്‍ ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗ്ഗയെ തള്ളിപ്പറഞ്ഞിരുന്നു. വീട്ടില്‍ കയറുന്നത് വിലക്കിയതിനെതിരെ കനക ദുര്‍ഗ നിയമ നപടികള്‍ സ്വീകരിച്ചു. ഇതോടെ കൃഷ്ണനുണ്ണി രണ്ട് മക്കളുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറി. കനക ദുര്‍ഗയുടെ സഹോദരന്റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനകദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു. തര്‍ക്കങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ യോജിച്ചുപോകാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഇരുവരും വിവാഹമോചിതരാവാന്‍ തീരുമാനിച്ചത്.

Previous articleഅച്ഛനെയും മോളെയും പോലെയുണ്ട്!!! അമൃതയ്ക്കും ഗോപി സുന്ദറിനും രൂക്ഷവിമര്‍ശനം
Next article‘റിലേഷന്‍ഷിപ്പ്, റീ പ്രൊഡക്ഷന്‍, റോള്‍’ ; അത്തരം ചോദ്യങ്ങള്‍ കേട്ടു മടുത്തെന്ന് ഉപാസന കാമിനേനി- വീഡിയോ