‘സന്തോഷിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ്’ കണ്ണീരോടെ സച്ചിയുടെ ഭാര്യ

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിക്കും നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധായകന്‍, മികച്ച പിന്നണി ഗായിക, മികച്ച സഹനടന്‍, മികച്ച സംഘട്ടനം എന്നീ പുരസ്‌കാരങ്ങളാണ് അയ്യപ്പനും…

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിക്കും നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധായകന്‍, മികച്ച പിന്നണി ഗായിക, മികച്ച സഹനടന്‍, മികച്ച സംഘട്ടനം എന്നീ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും സിനിമ നേടിയത്.

ഇപ്പോഴിതാ പുരസ്‌കാരങ്ങളില്‍ പ്രതികരിച്ച് സച്ചിയുടെ ഭാര്യ സിജി സച്ചി. ഒരുപാട് സന്തോഷമുണ്ട്. പക്ഷേ, സന്തോഷിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ്. സച്ചിയെയും സച്ചിയുടെ പ്രതിഭയെയും രാജ്യം അംഗീകരിച്ചു എന്ന് സിജി സച്ചി കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സച്ചി മരണത്തിന് കീഴടങ്ങിയത്. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലായിരുന്നു മരണം. അദ്ദേഹത്തിന് നടുവിന് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.