വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമായ കഥപാത്രങ്ങൾ ചെയ്യുവാനാണ് ഇഷ്ടം: സാധിക വേണു ഗോപാൽ

മലയാളികൾക്കിടയിൽ അവതാരികയായും നടിയായും സജീവമായി നിൽക്കുന്ന താരമാണ് സാധിക വേണു ഗോപാൽ. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് സാധിക ഇപ്പോൾ പങ്ക് വെക്കുന്നത്. സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കുമ്പോൾ അഭിനയിക്കാറുണ്ട്. എ എം നസീർ…

മലയാളികൾക്കിടയിൽ അവതാരികയായും നടിയായും സജീവമായി നിൽക്കുന്ന താരമാണ് സാധിക വേണു ഗോപാൽ. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് സാധിക ഇപ്പോൾ പങ്ക് വെക്കുന്നത്. സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കുമ്പോൾ അഭിനയിക്കാറുണ്ട്.

എ എം നസീർ സംവിധാനം ചെയ്യുന്ന അമ്മ മകൾ എന്ന സീരിയലിൽ ഒരു അതിഥി വേഷം ചെയ്യുവാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ടെന്നും സാധിക വേണു ഗോപാൽ പറയുന്നു. ഡോ. ഹേമലത എന്ന കഥാപാത്രത്തെയാണ് സീരിയലിൽ സാധിക അവതരിപ്പിയ്ക്കുന്നത്.

പട്ടുസാരി എന്ന സീരിയലിലൂടെ എന്നെ അഭിനയത്തിൽ എത്തിച്ചത് നസീർ സറാണ്. അദ്ദേഹത്തിന്റെ സെറ്റിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാൽ അത് വലിയൊരു പ്രിവിലേജ് ആണന്നും താരം പറയുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹം എനിക്കൊരു റോൾ ഓഫർ ചെയ്തു എന്ന് പറയുമ്പോൾ അത് വലിയൊരു കാര്യം തന്നെയാണ്. അതും കഥയിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു കഥാപാത്രം.

അമ്മ മകൾ എന്ന പരമ്പയിൽ ഡോ ഹേമലതയ്ക്ക് വലിയ പങ്കുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ അമ്മയും മകളും ഒരേ സമയം ഗർഭിണിയാവുമ്പോൾ ചികിത്സിയ്ക്കുന്ന ഡോക്ടറാണ് സാധിക അവതരിപ്പിയ്ക്കുന്ന ഹേമലത. സീരിയലിന് വേണ്ടി ഒരു റോൾ ചെയ്തപ്പോൾ ശരിക്കുള്ള ഡോക്ടർമാരോട് വല്ലാത്ത ബഹുമാനം തോന്നി.

എന്തുകൊണ്ടാണ് സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യാത്തത് എന്നും സാധിക വ്യക്തമാക്കി. എനിക്ക് വളരെ ഫ്രീ ആയിരിക്കണം. മോഡലിങ് ചെയ്യണം, ആങ്കറിങും സിനിമയും ചെയ്യണം. ഒരേ ഒരു കഥാപാത്രത്തിൽ മാത്രം നിലനിൽക്കുത്തിലും എനിക്ക് ഇഷ്ടം, വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമായ പുതിയ ഓരോ വേഷങ്ങളും കാര്യങ്ങളും ചെയ്യുന്നതിലാണ് എന്നും സാധിക പറയുന്നുണ്ട്.

ഷൂട്ടിങ് മുഴുവൻ ആശുപത്രിയിൽ ആയിരുന്നു. ഓപ്പറേഷൻ തിയ്യേറ്ററിൽ ഒരു ദിവസം കഴിച്ചു കൂട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. ഓരോ ദിവസവും അത് ചെയ്യുന്ന ഡോക്ടർമാരെ സമ്മതിക്കണം. പ്രത്യേകിച്ചും കോവിഡ് കാലത്ത്. ഇപ്പോൾ എനിക്ക് ഡോക്ടർമാരോട് മുൻപത്തെതിനെക്കാളും അധികം ബഹുമാനം ഉണ്ടെന്നും സാധിക വേണു ഗോപാൽ പറയുന്നു.