‘മരിക്കാന്‍ ഒട്ടും ഭയം തോന്നിയിരുന്നില്ല എങ്കിലും ജീവിതത്തോട് ഒരുപാട് ഇഷ്ടം തോന്നിയിരുന്നു’ – വായിക്കണം ഈ അതിജീവന കുറിപ്പ്

നിറമുള്ള സ്വപ്നങ്ങളും സൗഭാഗ്യങ്ങളും പ്രതീക്ഷകളുമെല്ലാം ഒറ്റയടിക്ക് തട്ടിയെടുത്ത് ജീവിതം തന്നെ മരവിപ്പിച്ച കാന്‍സര്‍ എന്ന മഹാമാരിയെ കുറിച്ച് പറയുകയാണ് ഷബ്‌ന സമാന്‍. സങ്കടത്തിലും സന്തോഷത്തിലും തളര്‍ച്ചയിലും വിരൂപി ആയപ്പോഴും ശരീരം തളര്‍ന്നു പോയപ്പോഴും എന്റെ…

നിറമുള്ള സ്വപ്നങ്ങളും സൗഭാഗ്യങ്ങളും പ്രതീക്ഷകളുമെല്ലാം ഒറ്റയടിക്ക് തട്ടിയെടുത്ത് ജീവിതം തന്നെ മരവിപ്പിച്ച കാന്‍സര്‍ എന്ന മഹാമാരിയെ കുറിച്ച് പറയുകയാണ് ഷബ്‌ന സമാന്‍. സങ്കടത്തിലും സന്തോഷത്തിലും തളര്‍ച്ചയിലും വിരൂപി ആയപ്പോഴും ശരീരം തളര്‍ന്നു പോയപ്പോഴും എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റിനല്‍കി ചേര്‍ത്ത് നിര്‍ത്തിയത് തന്റെ ഭര്‍ത്താവായിരുന്നുവെന്ന് ഷബ്‌ന പറയുന്നു. പിഞ്ചു കുഞ്ഞായിരുന്ന എന്റെ പൊന്നു മോനെ എന്നില്‍ നിന്നും അകറ്റി നിറുത്താന്‍ നിന്നെകൊണ്ട് സാധിച്ചെങ്കില്‍ തീര്‍ച്ചയായും നീ അത്ര നിസ്സാരക്കാരനൊന്നും ആയിരുന്നില്ല. ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ നീണ്ട മുടി നീ അടര്‍ത്തി മാറ്റിയപ്പോഴും കണ്‍പീലിയും പുരികവുമെല്ലാം പൊഴിച്ചു എന്നെ വിരൂപിയാക്കിയപ്പോഴും തളരാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഇക്കയുടെ ചേര്‍ത്ത് പിടിക്കലും ഉമ്മയുടെയും പ്രിയപ്പെട്ടവരുടെയും മനമുരുകിയുള്ള പ്രാര്‍ത്ഥനയും പരിചരണവും കൊണ്ട് മാത്രമാണെന്നും ഷബ്‌ന കുറിക്കുന്നു.

ഷബ്‌നയുടെ വാക്കുകള്‍

ഫെബ്രുവരി 4. ഇന്ന് നിന്നെ കുറിച്ച് എഴുതാൻ തുടങ്ങുമ്പോഴേ കൈവിരലുകൾ വല്ലാതെ ഇടറുന്നു… കണ്ണിൽ നിന്നു കണ്ണുനീർ പൊഴിയിന്നു….. മനസ്സിൽ വല്ലാത്തൊരു നീറ്റൽ…

ജീവിതത്തിൽ നിറമുള്ള സ്വപ്നങ്ങളും സൗഭാഗ്യങ്ങളും പ്രതീക്ഷകളുമെല്ലാം ഒറ്റയടിക്ക് തട്ടിയെടുത്തു ജീവിതം തന്നെ മരവിപ്പിച്ച കുറെ ദിനങ്ങൾ, മാസങ്ങൾ, വർഷങ്ങൾ … എങ്ങനെ നിന്നെ കുറിച്ച് ഓർക്കാതിരിക്കും…..

പിഞ്ചു കുഞ്ഞായിരുന്ന എന്റെ പൊന്നു മോനെ എന്നിൽ നിന്നും അകറ്റി നിറുത്താൻ നിന്നെകൊണ്ട് സാധിച്ചെങ്കിൽ തീർച്ചയായും നീ അത്ര നിസ്സാരക്കാരനൊന്നും ആയിരുന്നില്ല. ഓമനിച്ചു താലോലിച്ചു വളർത്തിയ നീണ്ട മുടി നീ അടർത്തി മാറ്റിയപ്പോഴും കൺപീലിയും പുരികവുമെല്ലാം പൊഴിച്ചു എന്നെ വിരൂപിയാക്കിയപ്പോഴും തളരാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഇക്കയുടെ ചേർത്ത് പിടിക്കലും ഉമ്മയുടെയും പ്രിയപ്പെട്ടവരുടെയും മനമുരുകിയുള്ള പ്രാർത്ഥനയും പരിചരണവും കൊണ്ട് മാത്രാമാണ്.

കാൻസർ ആണ് എന്നറിഞ്ഞാൽ ജീവിതത്തിൽ ഒരുമിച്ച് യാത്ര ചെയ്ത പല ദാമ്പത്യ ബന്ധങ്ങളും തകർന്ന് പോകുന്നത് കണ്ടിട്ടുണ്ട്. ഇനിയങ്ങോട്ട് ചികിത്സയുടെ ദൈർഘ്യവും സാമ്പത്തിക ചിലവും മുന്നിൽ കണ്ടിട്ടായിരിക്കാം പല ബന്ധങ്ങളും പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു തനിച്ചാക്കി പോകുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കുറെ നല്ല മനസ്സിന് ഉടമകൾ നമുക്കിടയിലുണ്ട്. എന്റെ ഭാഗ്യം കൊണ്ടായിരിക്കാം സങ്കടത്തിലും സന്തോഷത്തിലും തളർച്ചയിലും വിരൂപി ആയപ്പോഴും ശരീരം തളർന്നു പോയപ്പോഴും ആശ്വാസമായി പിടിവിടാതെ എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി തന്നു ചേർത്ത് നിറുത്താൻ എന്റെ ജീവന്റെ പാതിയായ ഇക്കയെ കൊണ്ട് സാധിച്ചത്. കൂടെ പ്രിയപ്പെട്ട ഉമ്മയുടെ പരിചരണവും സ്വന്തം ശരീരം പോലും നോക്കാതെ ഭക്ഷണംപോലും സമയത്തെ കഴിക്കാതെ എന്റെ തിരിച്ചുവരവിനായി ദിവസം മുഴുവൻ കണ്ണീരോടെ തള്ളി നീക്കിയ പ്രിയപ്പെട്ട ഉമ്മ.

എന്റെ രൂപമാറ്റം എന്നെ വല്ലാതെ തളർത്തിയെങ്കിലും തോറ്റുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. നീണ്ട ഹോസ്പിറ്റൽ വാസം കീമോ വാർഡിലെ ഓരോരുത്തരും സ്വന്തക്കാരായി മാറി. അതിൽ നിന്നും നിനക്ക് ഏറെ ഇഷ്ടപ്പെട്ടവരെ നീ കൊണ്ടുപോകുന്നത് കാണുമ്പോൾ ഹൃദയം കീറി മുറിവേൽപ്പിക്കുന്ന വേദന സമ്മാനിച്ചിരുന്നു. കീമോ മരുന്നിനെക്കാളും ശക്തമായ വേദന പ്രിയപ്പെട്ടവരുടെ വേർപിരിയൽ തന്നെയായിരുന്നു.

വെള്ളയുടുപ്പിട്ട് സുന്ദരി മാലാഖമാർ വരുമ്പോഴൊക്കെ ഇടയ്ക്ക് ഞാനും ചോദിക്കാറുണ്ട് എനിക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ അതോ എത്രയും പെട്ടന്ന് എന്നെയും കൊണ്ട് വില്ലൻ കടന്ന് പോകുമോ…തിരിച്ചുള്ള അവരുടെ ആശ്വാസവാക്കുകൾ മനസ്സിനെ വല്ലാതെ ദൃഢപ്പെടുത്തുന്നുണ്ടായിരുന്നു. നിനക്ക് മോനെ കാണണ്ടേ.. മോന് അവന്റെ അമ്മയെ തിരിച്ചു കിട്ടും ദൈവത്തോട് പ്രാർത്ഥിച്ചു കിടന്നോളൂ ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ട് നമ്മൾ തോൽക്കില്ല എന്നൊക്കെയുള്ള മാലാഖമാരുടെ വാക്കുകൾ മനസ്സിന് വല്ലാത്ത പോസിറ്റീവ് എനർജി തന്നെയായിരുന്നു.

മരിക്കാൻ ഒട്ടും ഭയം തോന്നിയിരുന്നില്ല എങ്കിലും ജീവിതത്തോട് ഒരുപാട് ഇഷ്ടം തോന്നിയിരുന്നു ഇനിയും ജീവിക്കണം മോനെ യും ഇക്കയെയും പ്രിയപ്പെട്ടവരെയും ഒരുപാട് സ്നേഹിക്കണം കുറെ യാത്ര പോകണം നിറം മങ്ങിയ ജീവിതത്തിൽ പലവർണങ്ങൾ ചാർത്തി ജീവിതം തിരിച്ചു പിടിക്കണം അതിജീവിച്ചു മുന്നേറണം ഈ ചിന്ത തന്നെയാണ് കീമോ മരുന്നുകളുടെ ശക്തിയിൽ ശരീരം തളർന്നു വീൽ ചെയറിലായപ്പോഴും കൈ ചലനം നഷ്ടപ്പെട്ടപ്പോഴും വീഴാതെ പിടിച്ചു നിറുത്തിയത്….

ഒരുപക്ഷേ ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങിയത് നീ എന്നിൽ പടർന്നു പിടിച്ചതിനു ശേഷം തന്നെയാണ് എപ്പോഴൊക്കെയോ നിന്നോട് തിരിച്ചും പ്രണയം തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. സ്നേഹത്തിന്റെ വില മനസ്സിലാക്കി തന്നു, വീഴ്ചയിൽ ആരൊക്കെ കൂടെ ഉണ്ടാകുമെന്നും മനസ്സിലാക്കി. ഒരിക്കൽ പോലും കാണാത്ത കുറെ ബന്ധങ്ങൾ ചേർത്ത് നിറുത്തലുകൾ സഹായങ്ങൾ മനുഷത്വം മരിച്ചിട്ടില്ലാത്ത കുറെ നന്മയുള്ള സുഹൃത്ത് ബന്ധങ്ങൾ എല്ലാം നീ എന്നിൽ കൂടിയതിനു ശേഷം ലഭിച്ച ഭാഗ്യം തന്നെയാണ്. ഇന്ന് ഞാൻ എല്ലാത്തിനോടും പൊരുത്തപ്പെട്ടു. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ചു സ്നേഹത്തോടെ പുഞ്ചിരിയോടെ ജീവിക്കാൻ പഠിച്ചിരിക്കുന്നു.കൂടെ എന്നെ പിടിവിടാതെ പ്രാണന് തുല്യം സ്നേഹിച്ച എന്റെ കാൻസർ എന്ന വില്ലനെ എന്നിൽ നിന്നും പടിയിറക്കി വിട്ടിരിക്കുന്നു. ഇനിയൊരു തിരിച്ചു വരവിനു ഇടം കൊടുക്കാതിരിക്കാൻ ദൈവത്തിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.

പ്രിയപ്പെട്ടവരേ…..

ഈ ദിനത്തിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് കാൻസർ എന്നത് ആർക്ക് എപ്പോ വേണമെങ്കിലും വരാം അതുകൊണ്ട് തന്നെ നമ്മുടെ ശരീരം കാണിക്കുന്ന ഏത് തരം ലക്ഷണങ്ങൾ ആണെങ്കിലും സ്വയം ചികിത്സ തേടാതെ നല്ല ഡോക്ടർസിനെ കണ്ട് ശരിയായ ചികിത്സ തേടുക. കാൻസർ എന്നത് നമുക്ക് പൂർണമായും ചികിൽസിച്ചു മാറ്റാൻ കഴിയുന്നത് തന്നെയാണ്.. അതിനുള്ള മരുന്നുകളും ഇന്ന് നമുക്ക് ലഭ്യമാണ്. ഒരുപാട് വൈകിക്കാതെ അസുഖം നേരത്തെ കണ്ടെത്തിയാൽ പൂർണമായും ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും. അസുഖം വന്നവർക്ക് ഒരു പുഞ്ചിരി കൊണ്ടെങ്കിലും ചേർത്ത് നിറുത്താൻ നമ്മെ കൊണ്ട് കഴിഞ്ഞാൽ അത് തന്നെയായിരിക്കും അവരുടെ ഏറ്റവും വലിയ പോസിറ്റീവ് എനർജി അതുകൊണ്ട് ആരെയും അകറ്റി നിറുത്താതിരിക്കുക, സഹതാപത്തിന്റെ നോട്ടം പോലും ആരിൽ നിന്നും ഉണ്ടാകാതിരിക്കുക. കാൻസർ എന്ന മാരകരോഗം ഈ ലോകത്ത് നിന്നും തുടച്ചു മാറ്റാൻ കഴിയട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി ദൈവത്തോടെ പ്രാർത്ഥിക്കാം.

https://www.facebook.com/permalink.php?story_fbid=2798810597082941&id=100008620843828&__cft__[0]=AZVnmsktHdPTN5iBBghuSg_Mi_weOoGAF1sUp5DeItgOAyNCBcQrKgQImtsEkXEExAfZXsXJQsl_ObSP0Ff1xxtUB6BzwZUMzht6CNBSa-xAmMInmCbAjG4J5vgxR_rqhOsG_vIZDSwdcWWABpIausMy&__tn__=%2CO%2CP-R