സിനിമകള്‍ വിമര്‍ശിക്കപ്പെടണം, കടുവയില്‍ അത്തരം ഷോട്ടുകള്‍ ആവര്‍ത്തിക്കാന്‍ കാരണമുണ്ട്: ഷാജി കൈലാസ്

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് കടുവ. നീണ്ട ഇടവേളക്ക് ശേഷം ഷൈജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം…

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് കടുവ. നീണ്ട ഇടവേളക്ക് ശേഷം ഷൈജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഭിന്നശേഷിക്കാര്‍ക്ക് എതിരെയുള്ള ഒരു രംഗം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭിന്നശേഷിക്കാരായ മക്കളുണ്ടാകുന്നത് മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിലായിരുന്നു ആ ഡയലോഗ്. ഇതേതുടര്‍ന്ന് വന്‍ പ്രതിധേഷം ഉയര്‍ന്നതോടെ ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജും മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് ചിത്രത്തില്‍ നിന്നും വിവാദ ഡയലോഗ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കടുവ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ലൈറ്റ് ഗ്ലയറുകള്‍ ചില സീനുകളില്‍ ആവര്‍ത്തിച്ച് വരുന്നത് അരോചകമായി തോന്നിയെന്നായിരുന്നു വിമര്‍ശനം. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്.

എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തണ്ടെയെന്നും, ബൈബിള്‍ വചനങ്ങള്‍ പറയുന്ന സീനുകളില്‍ ഒക്കെ തന്നെ ഒരു ദൈവികത ഫീല്‍ കൊണ്ടുവരാനാണ് അത് ചെയ്തത് എന്നുമാണ് ഷാജി കൈലാസ് വ്യക്തമാക്കുന്നത്. ഈ രീതി കൂടുതല്‍ ഉപയോഗിച്ചിരുന്നില്ലെന്നും അമല്‍ നീരദ് ചിത്രങ്ങളിലാണ് ആദ്യം ഇത് കണ്ടത് എന്നും ഷാജി കൈലാസ് പറഞ്ഞു.

‘ഒരു ബ്ലൂ സ്റ്റിക്ക് ഉപയോഗിച്ചാണ് ആ ഗ്ലയര്‍ ഉണ്ടാക്കിയത്. നമ്മള്‍ എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തിയില്ല എങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകില്ല. ഒരു ഷോട്ട് കാണിച്ചിട്ട് കാര്യമില്ല. ഇന്‍ഡോര്‍ സീനുകളില്‍ ഗ്ലയര്‍ മസ്റ്റ് ആയിട്ട് വേണം. ഒരു ഗ്രയിസ് അയിക്കോട്ടെ എന്ന് കരുതിയാണ് അത് ചെയ്തത്. നടന്നു വരുമ്പോള്‍ ഒക്കെ അത് ഇട്ടിട്ടുണ്ട്. അമല്‍ നീരദ് സിനിമകളിലാണ് ഇത് ആദ്യം കാണുന്നത്’ എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകള്‍. നമ്മുടെ സിനിമകള്‍ വിമര്‍ശിക്കപെടണം എന്നാല്‍ മാത്രമേ നമുക്ക് അത് നന്നായി വരൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.