‘തമിഴ്റോക്കേഴ്സിന് പിന്നിലെ രണ്ടുപേരെ കേരളത്തില്‍ കൊണ്ടുവന്ന് ജയിലില്‍ ഇട്ടു’ നിര്‍മ്മാതാവ്

Published by
Gargi

തിയേറ്ററില്‍ പുതിയ പടം ഇറങ്ങിയയുടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തമിഴ്റോക്കേഴ്സ് എന്ന വെബ്സൈറ്റിന് എതിരെ നിരവധി തവണ പരാതികളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നിലെ രണ്ടുപേരെ കേരള പോലീസ് കണ്ടെത്തി ജയിലില്‍ ഇട്ടിട്ടുണ്ടെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ വെളിപ്പെടുത്തി. അന്ന് ഡിഐജി ആയിരുന്ന കെ. പദ്മകുമാര്‍ ആണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ ഏതെന്ന് ഓര്‍ക്കുന്നില്ല. സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് പദ്മകുമാര്‍ സാര്‍ വഴി പരാതി നല്‍കി. തമിഴ്റോക്കേഴ്സിന് പിന്നിലെ രണ്ടുപേരെ കേരളത്തില്‍ കൊണ്ടുവന്ന് ജയിലില്‍ ഇട്ടു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതൊരു വലിയ ജോലിയായിരുന്നു. കോടി ക്ലബുകള്‍ എല്ലാം മാര്‍ക്കറ്റിങ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോടി ക്ലബുകളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാറുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അപ്രിയ സത്യങ്ങള്‍ പറയാന്‍ പാടില്ലെന്നാണ് പറയാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമാണ്. ഞാന്‍ അതേ പറയുന്നുള്ളൂ. ഒന്നോ രണ്ടോ സിനിമകള്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ എന്റെ അറിവില്‍ അറിയില്ല. ഇതൊരു മാര്‍ക്കറ്റിങ് തന്ത്രമല്ലാതെ മറ്റെന്ത് വേള്‍ഡ് വൈഡ് കളക്ഷനെക്കുറിച്ച് എനിക്കറിയില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.