നാടു മുഴുവന്‍ പെണ്ണന്വേഷിച്ച് പോസ്റ്ററൊട്ടിച്ചു; വൈറലായി ഒരു യുവാവ്

പത്ര പരസ്യങ്ങള്‍ വഴിയൊക്കെ വിവാഹാലോചനകള്‍ നോക്കിയിരുന്ന കാലഘട്ടത്തിന് മാറ്റം വന്നു. ആളുകള്‍ ഇപ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് വധുവിനെ അന്വേഷിച്ച് യുവാവ് പോസ്റ്ററടിച്ചതാണ്. തമിഴ്നാട്ടില്‍ നിന്നുള്ള യുവാവാണ് തന്റെ ഭാവി…

പത്ര പരസ്യങ്ങള്‍ വഴിയൊക്കെ വിവാഹാലോചനകള്‍ നോക്കിയിരുന്ന കാലഘട്ടത്തിന് മാറ്റം വന്നു. ആളുകള്‍ ഇപ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് വധുവിനെ അന്വേഷിച്ച് യുവാവ് പോസ്റ്ററടിച്ചതാണ്. തമിഴ്നാട്ടില്‍ നിന്നുള്ള യുവാവാണ് തന്റെ ഭാവി വധുവിനായി നോട്ടീസടിച്ചത്.

മധുരയിലെ വില്ലപുരം സ്വദേശിയായ എം എസ് ജഗന്‍ എന്ന 27കാരന്‍ തന്റെ വധുവിനെ തേടി പട്ടണത്തിന് ചുറ്റും വലിയ പോസ്റ്ററുകള്‍ പതിച്ചതിനാല്‍ ഒറ്റരാത്രികൊണ്ട് ശ്രദ്ധേയനായി. ഒരു സ്വകാര്യ കമ്പനിയിലെ മാനേജരായ ജഗന്‍ പരമ്പരാഗത വഴികളിലൂടെ മികച്ച പങ്കാളിയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിചിത്രമായ പദ്ധതി കണ്ടെത്തിയത്.

പോസ്റ്ററില്‍ ജഗന്‍ തന്റെ നക്ഷത്ര ചിഹ്നം, ജാതി, തൊഴില്‍, വരുമാനം, വിലാസം എന്നിവ പരാമര്‍ശിക്കുകയും തനിക്കുള്ള ഭൂമിയെ കുറിച്ചും വിശദീകരിക്കുന്നു. ഡെനിം ഷര്‍ട്ട് ധരിച്ചുള്ള തന്റെ ഫോട്ടോയും യുവാവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനേജര്‍ എന്നതിന് പുറമെ ഒരു പാര്‍ട്ട് ടൈം ഡിസൈനര്‍ കൂടിയാണ് ജഗന്‍. ഒരു ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് പുതിയ ആശയം തനിക്കുണ്ടാവുന്നതെന്ന് യുവാവ് പറഞ്ഞു.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വധുവിനെ തിരയുന്നു, പക്ഷേ കണ്ടെത്താനായില്ല. നിരവധി പോസ്റ്ററുകള്‍ ഞാന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്, എന്തുകൊണ്ട് എനിക്കായി മാത്രം ഒന്ന് ഡിസൈന്‍ ചെയ്തുകൂടാ എന്ന് ഞാന്‍ ചിന്തിച്ചു,” അദ്ദേഹം പറഞ്ഞു. അനുയോജ്യമായ ഒരു വധുവിനെ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് പലരും തന്നില്‍ നിന്ന് പണവും ജാതകവും കൈക്കലാക്കി, ”എന്നാല്‍ അവര്‍ ഒരിക്കലും മടങ്ങിവന്നില്ല” എന്നും അദ്ദേഹം വിലപിച്ചു.

വരനെ അന്വേഷിക്കുന്ന കുടുംബങ്ങള്‍ തന്നെ ബന്ധപ്പെടുമെന്ന പ്രതീക്ഷയില്‍ അവസാന ശ്രമമെന്ന നിലയില്‍ പോസ്റ്ററുകള്‍ പതിച്ചപ്പോള്‍, ജഗന് ഒരു പുതിയ വെല്ലുവിളി നേരിട്ടു. ‘പെണ്‍കുട്ടികളുടെ കുടുംബങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നെ ബന്ധപ്പെടുമെന്ന് ഞാന്‍ കരുതി, പക്ഷേ എനിക്ക് വിവാഹ ബ്രോക്കര്‍മാരില്‍ നിന്ന് മാത്രമാണ് കോളുകള്‍ ലഭിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

വരാന്‍ പോകുന്ന വധുവിന്റെ കുടുംബത്തില്‍ നിന്ന് ഒരു കോള്‍ ലഭിക്കുകയും അത് തന്റെ വിവാഹത്തിലേക്ക് നയിക്കുകയും ചെയ്താല്‍ ‘നന്ദി’ എന്ന പോസ്റ്റര്‍ ഒട്ടിക്കാനും ജഗന് പദ്ധതിയുണ്ട്.