ഇപ്പോഴും നേരം കിട്ടുമ്പോഴൊക്കെ കഞ്ഞീം കറീം വെച്ച് കളിക്കാറുണ്ട്; എന്നെ ആരും വിമര്‍ശിക്കാന്‍ വരേണ്ട: വൈക്കം വിജയലക്ഷ്മി

വേറിട്ട ശബ്ദത്താല്‍ മലയാളികള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ ഹിന്ദിയില്‍ വരെ എത്തിയ വിജയലക്ഷ്മി പക്ഷെ മനസ്സില്‍ ഇപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴും കഞ്ഞിയും കറിയും വച്ച്…

വേറിട്ട ശബ്ദത്താല്‍ മലയാളികള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ ഹിന്ദിയില്‍ വരെ എത്തിയ വിജയലക്ഷ്മി പക്ഷെ മനസ്സില്‍ ഇപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുമത്രെ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നത്.

ഒരു വിജയദശമി ദിനത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെ അമ്മയാണ് എനിക്ക് വിജയലക്ഷ്മി എന്ന് പേരിട്ടത്. ഒന്നര വയസ്സ് മുതല്‍ സം ഗീതം കേള്‍ക്കുവാനും പാടുവാനം ഞാന്‍ ശ്രമിക്കുമായിരുന്നു എന്നാണ് അച്ഛനും അമ്മയും പറഞ്ഞിട്ടുള്ളത്. പിന്നീട് കാസറ്റുകള്‍ എല്ലാം കേട്ടാണ് പാട്ട് പഠിച്ചത്. ആറാം വയസ്സില്‍ യേശുദാസ് ദക്ഷിണ സമര്‍പ്പിച്ചുകൊണ്ട് ഉദയനാപുരം ചാത്തന്‍കോവില്‍ വച്ച് അരങ്ങേറ്റം കുറിച്ചു.

പിന്നീട് പാടിയ പാട്ടുകളിലൂടെ പതിനായിരത്തില്‍ അധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന് വിജയലക്ഷ്മി പറയുന്നു. അതിനിടയില്‍ ജീവിതത്തില്‍ ഇപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്നതിനെ കുറിച്ചും വിജയലക്ഷ്മി വാചാലയായി. ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുന്ന ആളാണത്രെ വിജയലക്ഷ്മി. അതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ താന്‍ പ്രതികരിക്കും എന്നും വിജയലക്ഷ്മി പറയുന്നു.

യാത്രകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ആദ്യം തിരയുന്നത് അടുക്കളയില്‍ കഴിക്കാനും കളിക്കാനും വസ്തുക്കളാണ്. ഇലകള്‍ വെട്ടി തോരനുണ്ടാക്കി കളിക്കുന്നത് തന്റെ ഹോബിയാണെന്ന് ഗായിക പറഞ്ഞു. അതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരുടെ മുന്‍പില്‍ അത് തന്നെ ചെയ്യും. അവരാരാണ് എന്നോട് അത് ചെയ്യരുത് എന്ന് പറയാന്‍. ആരുടെ മുന്‍പിലും അത് അടിയറവ് വയ്‌ക്കേണ്ട ആവശ്യമില്ലെന്നും വിജയലക്ഷ്മി പറയുന്നുണ്ട്.

മിമിക്രി ചെയ്യുന്നതിനെയും വിമര്‍ശിക്കുന്നവരുണ്ട് എന്നാല്‍ താന്‍ അതൊന്നും ശ്രദ്ധിക്കാറില്ലെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.