Malayalam Article

ബിബിസിയുടെ അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യിപ്പിച്ച് സദ്ഗുരു

സ്വയം പ്രഖ്യാപിത ആള്‍ദൈവം ജഗ്ഗി വാസുദേവ് (സദ്ഗുരു) ബിബിസി ന്യൂസ് തമിഴുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അഭിമുഖത്തിനിടെ ക്ഷുഭിതനായി ക്യാമറ ഓഫ് ചെയ്യാന്‍ പറയുന്നുണ്ട് അദ്ദേഹം വീഡിയോയില്‍.

ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചില പദ്ധതികളുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടുള്ള ബി.ബി.സി തമിഴ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ഇദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. ‘നിങ്ങള്‍ക്ക് പരിസ്ഥിതിയെക്കുറിച്ച് ഇത്രയധികം ഉത്കണ്ഠയുള്ളപ്പോള്‍, ഈ കെട്ടിടങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് നിങ്ങള്‍ ശരിയായ അനുമതി വാങ്ങാത്തത്?’ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു.

ഇതിന് പിന്നാലെ ജഗ്ഗി വാസുദേവ് പലതവണ മാധ്യമപ്രവര്‍ത്തകനെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ‘സര്‍ക്കാരില്ലേ? നിയമമില്ലേ? അവരുടെ ജോലി അവര്‍ ചെയ്യട്ടെ. അത് വിടൂ…ഇനി മതി, ദയവായി.’ അദ്ദേഹം പറയുന്നു.

തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായി ”ഇതുമതി, അവരുടെ ക്യാമറ ഓഫ് ചെയ്യൂ” എന്ന് ജഗ്ഗി വാസുദേവ് അദ്ദേഹത്തിന്റെ ആളുകളോട് പറയുന്നത്.

കോയമ്പത്തൂര്‍ ജില്ലയിലെ ബൂളുവപ്പട്ടി ഗ്രാമത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലെന്നും നിര്‍മാണം പൂര്‍ത്തിയായി ഏകദേശം മൂന്ന് വര്‍ഷത്തിനു ശേഷമാണ് ആവശ്യമായ അനുമതികള്‍ തേടിയതെന്നും ഈഷ ഫൗണ്ടേഷനെതിരെ 2018-ല്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Gargi