# വൈകാരിക കഥാപാത്രവുമായി വീണ്ടും അപ്പാനി ശരത്ത്; ‘റൂബി’ ഡിസംബറിൽ തിയേറ്ററുകളിലേക്ക്

- Link: https://ml.b4blaze.com/uncategorized/appani-sarath-returns-with-an-emotional-character-ruby-to-hit-theaters-in-december
- Published: 2026-11-27T13:16:17+05:30
- Author: Sana Fathima

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ അപ്പാനി ശരത്ത് വീണ്ടും
ശക്തമായ വൈകാരിക വേഷവുമായി എത്തുന്നു. താരത്തിന്റെ പുതിയ ചിത്രമായ ‘റൂബി’ ഡിസംബറിൽ 
തിയേറ്ററുകളിലെത്തും. പ്രേക്ഷകരുടെ മനസിൽ ഇടംനേടുന്ന നിരവധി വൈകാരിക മുഹൂർത്തങ്ങളാണ്
ചിത്രത്തിൽ അപ്പാനി ശരത്തിനായി ഒരുക്കിയിരിക്കുന്നത്.

‘അനന്തൻകാട്’ എന്ന ചിത്രത്തിന് ശേഷം അപ്പാനി ശരത്ത് മുഴുനീള കഥാപാത്രമായി എത്തുന്ന 
സിനിമ കൂടിയാണ് ‘റൂബി’. ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ചിത്രം
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. സസ്പെൻസും ദുരൂഹതയും നിറഞ്ഞ സിനിമ പ്രേക്ഷകർക്ക് വേറിട്ട
അനുഭവമായിരിക്കുമെന്ന് അപ്പാനി ശരത്ത് പറഞ്ഞു.ചിത്രത്തിലെ തന്റെ കഥാപാത്രം പ്രേക്ഷകർക്ക്
ഏറെ പരിചിതവും അടുപ്പം തോന്നുന്നതുമായിരിക്കുമെന്നും താരം വ്യക്തമാക്കി. വൈകാരികമായ
രംഗങ്ങൾക്കും അപ്രതീക്ഷിത വഴിത്തിരിവുകൾക്കും പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘റൂബി’യെന്നും
അപ്പാനി ശരത്ത് കൂട്ടിച്ചേർത്തു.

ഷാജു എസ് ആണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ്, 
ഗാനരചന, സംഗീതം തുടങ്ങിയ മേഖലകൾ സുജൻ ആരോമൽ കൈകാര്യം ചെയ്യുന്നു. റെജിൻ സാന്റോയാണ് 
ഛായാഗ്രഹണം. ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, ധ്രുവൻ, പ്രമോദ് വെളിയനാട്,
വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്ത്തൽ ഇവാന ഷെറിൻ തുടങ്ങിയവരും ചിത്രത്തിൽ
പ്രധാന വേഷങ്ങളിലെത്തുന്നു. വൈകാരികതയും അന്വേഷണാത്മകതയും സസ്പെൻസും സമന്വയിപ്പിക്കുന്ന‘
റൂബി’യുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
