# മാസ് ലുക്കിൽ ഗുരു; ‘ബാച്ച്ലർ പാർട്ടി Deux’ൽ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

- Link: https://ml.b4blaze.com/uncategorized/guru-in-a-mass-look-character-poster-of-shine-tom-chacko-from-bachelor-party-deux-released
- Published: 2026-10-22T14:14:27+05:30
- Author: Sana Fathima

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ൽ ഷൈൻ ടോം
ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. ‘ഗുരു’ എന്ന കഥാപാത്രമായാണ്
ഷൈൻ ചിത്രത്തിലെത്തുന്നത്. മാസ് ലുക്കിലുള്ള താരത്തിന്റെ പോസ്റ്റർ ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ
ശ്രദ്ധ നേടുകയാണ്. നവംബർ 19നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകളും നേരത്തെ പുറത്തുവന്നിരുന്നു.
ടൊവിനോ തോമസ്, നസ്ലിൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ എന്നിവരുടെ
പോസ്റ്ററുകൾക്ക് മികച്ച ശ്രദ്ധയാണ് ലഭിച്ചത്. ഓരോ പുതിയ പോസ്റ്ററും ചിത്രത്തെക്കുറിച്ചുള്ള
പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്.

2012ൽ പുറത്തിറങ്ങി തരംഗമായി മാറിയ അമൽ നീരദ് ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം
ഭാഗമാണ് ‘ബാച്ച്ലർ പാർട്ടി Deux’. 14 വർഷങ്ങൾക്കുശേഷം പുതിയ തലമുറയുടെ അഭിരുചികൾക്കിണങ്ങിയ
അവതരണശൈലിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള
ഫസ്റ്റ് ലുക്കും നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യഭാഗം കാലക്രമേണ കൾട്ട് ക്ലാസിക്
പദവി നേടിയതിനാൽ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ പേരിലെ ‘Deux’ എന്നത് ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നർഥമുള്ള വാക്കാണ്. 
യുവതാരങ്ങളെയും മലയാളത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളെയും ഒരുമിപ്പിച്ചാണ് അമൽ നീരദ്
ഇത്തവണ എത്തുന്നത്.

നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ,
ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി,
ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
 അമൽ നീരദ് പ്രൊഡക്ഷൻസ്,
അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ്
ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ
സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ ആണ് സംഭാഷണം ഒരുക്കുന്നത്. തപസ് നായക് സൗണ്ട്
ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു.

റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും 
റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്താണ്.
പുതിയ തലമുറയിലെ താരങ്ങളും മലയാള സിനിമയിലെ പ്രമുഖരും അണിനിരക്കുന്ന ‘ബാച്ച്ലർ പാർട്ടി
Deux’ നവംബർ 19ന് തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ എത്രത്തോളം നിറവേറ്റുമെന്ന
ആകാംക്ഷയിലാണ് സിനിമാലോകം.
