മോഹന്‍ലാല്‍ എന്നും ഒരു അത്ഭുതമാണ് ഉണ്ണി മേനോന്റെ കുറിപ്പ് വൈറലാകുന്നു…!!

മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരുപിടി ഗാനങ്ങള്‍ തന്റെ മധുര ശബ്ദത്തിലൂടെ ആലപിച്ച ഗായകനാണ് ഉണ്ണി മേനോന്‍. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.…

മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരുപിടി ഗാനങ്ങള്‍ തന്റെ മധുര ശബ്ദത്തിലൂടെ ആലപിച്ച ഗായകനാണ് ഉണ്ണി മേനോന്‍. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആരെ കുറിച്ചാണെന്നോ ആ കുറിപ്പ്. സാക്ഷാല്‍ മോഹന്‍ലാലിനെ കുറിച്ച് തന്നെ.

ഒരുപാട് നാളത്തെ സൗഹൃദം മോഹന്‍ലാലുമായി ഉള്ള ഗായകനാണ് ഉണ്ണി മേനോന്‍ എന്നാലും ഇന്നും അത്ഭുതവും ആദരവും നിറഞ്ഞ മനസോടെയല്ലാതെ മോഹന്‍ലാലിന് അരികിലേക്ക് പോകാന്‍ കഴിയില്ലെന്നാണ് അദ്ദേഹം തുറന്ന് പറയുന്നത്. ഇതൊരു കുറിപ്പായാണ് ഉണ്ണി മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. മാത്രമല്ല മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോണ്‍സ്റ്ററിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും ആദരവും നിറഞ്ഞ മനസോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേല്‍ അദ്ദേഹത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു. ഞാന്‍ പാടിയ പല പാട്ടുകളും ഒരു സൂപ്പര്‍ ഹിറ്റ് ആയി മാറിയതിന്റെ പുറകില്‍ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്. ഈ അടുത്തയിടെ കൊച്ചിയില്‍ വെച്ച് മോണ്‍സ്റ്റര്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാല്‍ എന്നെ ക്ഷണിച്ചത്. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ കോസ്റ്റിയൂമിലും, ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങള്‍ ഒരുമിച്ചു ചിലവഴിച്ചു.

ആ സമയമത്രയും ഞങ്ങളെ വളരെ കംഫര്‍ട്ടബിള്‍ ആക്കി വെയ്ക്കാന്‍ ലാല്‍ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്. അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ വൈശാഖിനെയും പരിചയപ്പെടാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസോടെ യാത്ര ചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓര്‍മ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കട്ടെ…. ലാലിന് ഒരിക്കല്‍ കൂടി എന്റെ സ്നേഹാദരങ്ങള്‍.