ആ പഴയ ചിരിയും സ്‌നേഹവും അതുപോലെ തന്നെ ! കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പം ഊര്‍മ്മിള ഉണ്ണി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അമ്മ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് കവിയൂര്‍ പൊന്നമ്മ. നിരവധി അമ്മ വേഷങ്ങളാണ് കവിയൂര്‍ അനശ്വരമാക്കിയത്. അതില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയത് മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ഒന്നിച്ചെത്തിയപ്പോഴായിരുന്നു. മലയാള സിനിമയുടെ സ്വന്തം അമ്മയെന്നാണ് കവിയൂര്‍ പൊന്നമ്മയ്ക്കുള്ള വിശേഷണം. ഇപ്പോഴിതാ നടി ഊര്‍മ്മിള ഉണ്ണി കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാന്‍ പോയി…. പഴയ ചിരിയും… സ്‌നേഹവും ഒക്കെയുണ്ട്….’ കവിയൂര്‍ പൊന്നമ്മയുമൊത്തുമുള്ള ചിത്രം പങ്കുവെച്ച് ഊര്‍മിള ഉണ്ണി കുറിച്ചു. നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുമായി എത്തിയത്. വാര്‍ധ്യക്യസഹജമായ അവശതകളെത്തുടര്‍ന്ന് കവിയൂര്‍ പൊന്നമ്മ ഇപ്പോള്‍ സിനിമകളില്‍ സജീവമല്ല. എഴുപത്തിയാറുകാരിയായ താരം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. 2021ല്‍ പുറത്തിറങ്ങിയ ആന്തോളജി ആണും പെണ്ണുമാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ച് അവസാനം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിനിമ.

പതിനാലാമത്തെ വയസില്‍ നാടകത്തിലൂടെയായിരുന്നു കവിയൂര്‍ പൊന്നമ്മ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ആദ്യ നാടകം. നാടക വേദികളിലെ അഭിനയ മികവും പ്രശസ്തിയും മൂതല്‍ക്കൂട്ടാക്കി കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയിലെത്തി. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ല്‍ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ പ്രശസ്തയാകുന്നത്. പിന്നീട് മലയാളത്തിലെ പ്രമുഖ നടന്മാരുടെയെല്ലാം അമ്മയായി അഭിനയിച്ചു. സത്യന്‍, പ്രേംനസീര്‍, മധു, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെയെല്ലാം അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്.

Aswathy