വിവാഹം ശേഷമെത്തിയ ആദ്യ ജന്മദിനം, അമ്മയായ സന്തോഷത്തോടൊപ്പം 38ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് തെന്നിന്ത്യയുടെ താരസുന്ദരി നയന്‍താര. ഒപ്പം ഇരട്ടിമധുരവുമായി ഉയിരും ഉലകവുമുണ്ട്. പ്രിയതമയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഭര്‍ത്താവ് വിഗ്നേഷ് ശിവന്.
‘നയന്റെ ഒപ്പമുള്ള ഒന്‍പതാമത്തെ പിറന്നാള്‍. നിനക്കൊപ്പമുണ്ടായ ഓരോ ജന്മദിനവും സ്പെഷ്യലും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നതും വ്യത്യസ്തവുമാണെന്ന് വിഘ്നേഷ് കുറിക്കുന്നു. പക്ഷെ ഇത് അതില്‍ നിന്നെല്ലാം വിഭിന്നമാണ്. നമ്മള് ഭാര്യാഭര്ത്താക്കന്മാരായി ജീവിതം തുടങ്ങിയിരിക്കുന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനമ്മാരും ആയിരിക്കുന്നു.
നിന്നെ ഞാനെന്നും കരുത്തയായ വ്യക്തിയായി മാത്രമേ കണ്ടിട്ടുള്ളൂ. ചെയ്യുന്ന കാര്യത്തില്‍ ആത്മവിശ്വാസവും അര്‍പ്പണബോധവും നിനക്കുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ തീര്‍ത്തും വ്യത്യസ്തയായ ഒരു വ്യക്തിയെയാണ് കണ്ടിട്ടുള്ളത്. നിന്റെ സത്യസന്ധതയും ജീവിതത്തോടുള്ള ആത്മാര്‍ത്ഥതയും എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നെന്നും വിക്കി പറയുന്നു.
ഇന്ന് നിന്നെ ഞാനൊരു അമ്മയായി കാണുന്നു. ഇതുവരെയുള്ളതില്‍ നിന്നെ പൂര്‍ണയാക്കുന്ന ഏറ്റവും വലിയ സന്തോഷമാണിത്. നീ പൂര്‍ണയും, സന്തുഷ്ടയും, സംതൃപ്തയും, അതിമനോഹരിയുമാകുന്നു. കുഞ്ഞുങ്ങള്‍ ചുംബിക്കുമെന്നതിനാല് താരം ഇപ്പോള്‍ മുഖത്തെ മേക്കപ്പ് പോലും ഉപേക്ഷിച്ചിരിക്കുന്നെന്നും വിഘ്നേഷ് പറയുന്നു.
ഇത്രയും വര്‍ഷങ്ങള്‍ക്കിടെ നിന്നെ ഇത്രയും സുന്ദരിയായി ഞാന്‍ കണ്ടിട്ടില്ല. നിന്റെ മുഖത്തെ ശാശ്വതമായ പുഞ്ചിരിയും സന്തോഷവും, ഇനി മുതല്‍ എപ്പോഴുമുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിന് സ്ഥിരത വന്നിരിക്കുന്നു. ജീവിതം മനോഹരമാകുന്നു. മക്കള്‍ക്കൊപ്പം എല്ലാ പിറന്നാളും ഇതുപോലെ സന്തോഷം നിറഞ്ഞതാവട്ടെ എന്നും വിക്കി ആശംസിക്കുന്നുണ്ട്. ‘പൊണ്ടാട്ടിയെ’യും ഉയിരിനെയും ഉലഗത്തെയും എന്നെന്നും സ്നേഹിക്കുന്നു എന്ന് പറഞ്ഞാണ് വിഗ്നേഷ് ശിവന് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്.