ജോലിക്കാരി സങ്കടം പറഞ്ഞു, കടം വീട്ടാന്‍ ഉടന്‍ തന്നെ നയന്‍താര നാല് ലക്ഷം രൂപ നല്‍കി

മരുമകളെ വാനോളം പുകഴ്ത്തി വിഘ്‌നേഷ് ശിവന്റെ അമ്മ മീന കുമാരി. നയന്‍താരയുടെ മനസ്സിലെ വലിയ നന്മയാണ് അമ്മായിയമ്മ പുകഴ്ത്തുന്നത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീയാണ് നയന്‍താരയെന്ന് മീനാ കുമാരി പറയുന്നു.

ബുദ്ധിമുട്ട് പറഞ്ഞ് ആര് വന്നാലും അവരെ കൈ അയച്ച് സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തവളാണ് നയന്‍താര എന്നും വിഘ്നേഷിന്റെ അമ്മ പറഞ്ഞു.
ഹാപ്പി മെയ്ഡ്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടന വേളയിലാണ് അവര്‍
ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

എന്റെ മകന്‍ ഒരു മികച്ച സംവിധായകനും മരുമകള്‍ നയന്‍താര ഒരു മികച്ച താരവുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരുണ്ട്.

ഒരിക്കല്‍ ഒരു ജോലിക്കാരി അവരുടെ ദുരിതങ്ങള്‍ നയന്‍താരയോട് പറഞ്ഞു. അവര്‍ക്ക് നാല് ലക്ഷം രൂപ കടം ഉണ്ടെന്നും ജീവിതം ശരിക്കും ബുദ്ധിമുട്ടിലാണെന്നും അവര്‍ പറഞ്ഞു. ഇത് കേട്ടയുടനെ തന്നെ നയന്‍താര പണം നല്‍കി, കടങ്ങളെല്ലാം ഉടന്‍ തന്നെ തീര്‍ക്കണം എന്നും പറഞ്ഞു.

ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നല്‍കണമെങ്കില്‍ അവര്‍ വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉള്ളവര്‍ ആകണം. മാത്രമല്ല ആ സ്ത്രീയും അതിന് അര്‍ഹയാണ്. കാരണം രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ആത്മാര്‍ഥമായി ജോലി എടുക്കുന്നവരാണ് അവര്‍. മാത്രമല്ല ഒരിക്കല്‍ നയന്‍താരയുടെ അമ്മ സ്വന്തം കയ്യിലെ സ്വര്‍ണവള അവര്‍ക്ക് ഊരി നല്‍കിയിരുന്നെന്നും വിഘ്‌നേഷിന്റെ അമ്മ പറഞ്ഞു.

പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് നയന്‍താരയുടെ കാര്യം.
ഒരിടത്ത് നമ്മള്‍ ആത്മാര്‍ഥമായി ജോലി നോക്കുകയാണെങ്കില്‍ നമ്മുടെ വിഷമഘട്ടങ്ങളില്‍ തീര്‍ച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും എന്നും മീന കുമാരി കൂട്ടിച്ചേര്‍ത്തു.