രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ട്രോളരുത്: പുതിയ നിയമമിറക്കി വിജയ്

രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുകയോ ട്രോളുകയോ ചെയ്യരുതെന്ന് ആരാധകര്‍ക്ക് വിജയിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ വിജയിയുടെ നിര്‍ദ്ദേശം ലഭിച്ചതായും, നിര്‍ദ്ദേശം അനുസരിക്കാത്തവര്‍ ഫാന്‍ അസോസിയേഷനില്‍ ഉണ്ടായിരിക്കില്ലെന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് പ്രസ്ഥാവനയില്‍ അറിയിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍  വിജയ് മക്കള്‍ ഇയക്കം 129 സീറ്റുകളില്‍ വിജയിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ മത്സരിച്ചത്. സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കെതിരെ ട്രോളുകള്‍ ഉള്‍പ്പെടെയുള്ള യാതൊന്നും വിജയ് ഇയക്കം മക്കള്‍ അംഗങ്ങള്‍ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും പോസ്റ്ററുകളിലും പ്രസിദ്ധീകരിക്കരുതെന്ന് പ്രസ്താവനയില്‍ പറയുന്നു.

Actor-Vijay-01

പ്രസ്ഥാവനയുടെ പൂര്‍ണ രൂപം:

രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കളിയാക്കുന്ന ട്രോളുകളോ മീമുകളോ പ്രസ്താവനകളോ പോസ്റ്ററുകളോ പങ്കുവയ്ക്കരുത്. ദളപതി വിജയുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയ്ക്ക് പുറത്തു പോകേണ്ടിവരുകയും, അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊള്ളുന്നു.

താരത്തിന്റെ പുതിയ ചിത്രം ബീസ്റ്റിലെ ചില രംഗങ്ങള്‍ ഉപയോഗിച്ച് മീമുകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഫാന്‍സ് അസോസിയേഷന് വിജയ് താക്കീത് നല്‍കിയിരിക്കുന്നത്.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

 

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്. ഇതിന് മുന്നോടിയായി ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്ലറും പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍.

ബീസ്റ്റ് സിനിമ ബാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്ലിം ലീഗ് പാര്‍ട്ടിയും അതിന്റെ സ്ഥാപക നേതാവ് കൂടിയായ വി.എം.എസ് മുസ്തഫ എന്നയാള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു സംഘടനയാണ് തമിഴ്‌നാട് മുസ്ലിം ലീഗ്. ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാരോപിച്ചാണ് വി.എം.എസ് മുസ്തഫ കത്ത് നല്‍കിയത്.

ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്നും ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

vijay1

ചിത്രത്തിന് കുവൈത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. വിജയ്യുടെ കട്ടൗട്ടില്‍ ആരാധകര്‍ പാല്‍ ഒഴിച്ച് പാഴാക്കാന്‍ ഇടയുള്ളതിനാല്‍ ബീസ്റ്റിന് സ്‌പെഷ്യല്‍ ഷോ അനുവദിക്കരുതെന്ന് ടിഎന്‍ മില്‍ക്ക് അസോസിയേഷനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന മുസ്ലീം ലീഗ് പാണക്കാട് സാദിഖലി ശിഹാഹ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അംഗങ്ങളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗല്ല. തമിഴ്നാട് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയാണ് എന്ന് വ്യക്തമാക്കുന്ന ചില സോഷ്യല്‍മീഡിയ പോസ്റ്റുകളും ഇതിനോടകം എത്തുന്നുണ്ട്.

Vishnu