ഒളിച്ചു കളിച്ച് മടുത്തു; ഒടുവില്‍ വിജയ് ബാബു നാട്ടിലെത്തി; കഴിഞ്ഞത് ദുബായില്‍ തന്നെ; സത്യം തെളിയണമെന്ന് ആവശ്യം

കൊച്ചി : അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തി. ഇതുവരെയുള്ള കണ്ടെത്തലുകള്‍ പോലെ തന്നെ ദുബായില്‍ ആയിരുന്നു താരം. നടിയുടെ പരാതിയ്ക്ക് പിന്നാലെ…

കൊച്ചി : അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തി. ഇതുവരെയുള്ള കണ്ടെത്തലുകള്‍ പോലെ തന്നെ ദുബായില്‍ ആയിരുന്നു താരം.

നടിയുടെ പരാതിയ്ക്ക് പിന്നാലെ അറസ്റ്റ് ഭയന്ന് വിദേശത്തേയ്ക്ക് കടന്നതായിരുന്നു വിജയ് ബാബു. ഇന്ന് രാവിലെ ഒന്‍പതരയോടെ കൊച്ചി വിമാനത്താവളത്തിലാണ് വിജയ് ബാബു എത്തിയത്.

താരത്തെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മടങ്ങി വരവ്. ഇന്റര്‍പോളിനു പോലും കണ്ടെത്താന്‍ കഴിയാത്ത വിധമായിരുന്നു താരത്തിന്റെ ദുബായിലെ ഒളിച്ച കഴിയല്‍. ഇത്രയും നാള്‍ പിടികൊടുക്കാതിരുന്നിട്ട് നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടി മൂലമായിരുന്നു നാട്ടില്‍ കാലുകുത്താതിരുന്നത്. ഇതിനിടെയാണ് വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന ഹൈക്കോടതി നിര്‍ദേശം എത്തിയത്.

ആരാണ് താരത്തിന് സംരക്ഷണം ഒരുക്കി നല്‍കിയതെന്നും സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒളിച്ചോട്ടത്തിന് കൂട്ടു നിന്നതെന്നും ഇനി ചോദ്യം ചെയ്യലിലൂടെയേ വ്യക്തമാകൂ. ദുബായ് പോലുള്ള സ്ഥലത്ത് ഒളിച്ചു കഴിയണമെങ്കില്‍ അത്ര പിടിപാടുള്ള ആരുടെയെങ്കിലും സഹായം കൂടാതെ കഴിയില്ല എന്ന നിലപാടില്‍ ഉറച്ചു തന്നെയാണ് അന്വേഷണ സംഘം. എന്നാല്‍, അതാര് എന്നത് ഇനിയും പൂര്‍ണ്ണമായും വെളിപ്പെട്ടിട്ടുമില്ല.

ഉന്നതനായ സിനിമാ മേഖലയിലുള്ള ഒരാളാണ് സഹായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തു വന്നിരുന്നു.്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. വിജയ് ബാബുവിന്റെ ഒളിവുമായി ബന്ധപ്പെട്ട് യുവനടനെ ചോദ്യം ചെയ്‌തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പുറത്തു വന്നിരുന്നു.

യാത്രാരേഖകള്‍ ഇല്ലാ എന്നതുകൊണ്ടു തന്നെ ദുബായ് പോലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യല്‍ നിസ്സാരമാണ്. എന്നാല്‍ അതിന് സാധിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ, വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് കൊടുത്തത് സിനിമാ ലോകവുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ, വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

അതേസമയം, കേസെടുത്തത് അറിയാതെയാണ് താന്‍ ദുബായിലേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്.