100 പേരെ മണാലിയിലേക്ക് കൊണ്ടു പോകാനൊരുങ്ങി വിജയ് ദേവരക്കൊണ്ട

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് വിജയ് ദേവരക്കൊണ്ട. ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടനാണ് താരം. ആരാധകര്‍ക്ക് ഇടയ്ക്ക് സര്‍പ്രൈസുകള്‍ നല്‍കാറുണ്ട് വിജയ്. ഇക്കുറി മണാലി ട്രിപ്പാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മണാലി യാത്രയെ കുറിച്ച് അറിയിച്ചത്. 100 ആരാധകരെ നടന്‍ സ്വന്തം ചെലവില്‍ മണാലിയിലേക്ക് കൊണ്ടു പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

‘നിങ്ങളില്‍ 100 പേര്‍ മല മുകളിലേക്ക് പോകുന്നു’. പുതുവത്സരാശംസകള്‍. എല്ലാവര്‍ക്കും നിറയെ സ്‌നേഹം’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. താമസം, ഭക്ഷണം, യാത്ര എല്ലാം ഉള്‍പ്പെടുത്തി അഞ്ച് ദിവസത്തെ പാക്കേജാണ് താരം അവതരിപ്പിച്ചത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. തന്നെ ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ട്വീറ്റിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന ഗൂഗുള്‍ ഫോം പൂരിപ്പിച്ച് അയയ്ക്കുക. അഞ്ച് ദിവസത്തെ മണാലി യാത്രയാണ് ഒരുക്കിയിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അവസരം. പോളിലൂടെയാണ് സ്ഥലം നിര്‍ണ്ണയിച്ചത്. ഇന്ത്യയിലെ മലനിരകള്‍, കടല്‍തീരം, കള്‍ച്ചര്‍ ട്രിപ്പ്, മരുഭൂമി എന്നിവിടങ്ങളില്‍ നിന്നാണ് ആരാധകരുടെ വോട്ടിങ്ങിലൂടെ മലനിരകളിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. അഞ്ച് വര്‍ഷം മുമ്പാണ് ആരാധകര്‍ക്ക് വേണ്ടി ഈ പദ്ധതി നടന്‍ ആരംഭിച്ചത്. ദേവരസാന്റ എന്നാണിതിന്റെ പേര്.

‘ലിഗര്‍’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു, ഇത് നടനും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. സംവിധായകന്‍ ശിവ നിര്‍വാണയുടെ ‘കുഷി’ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം, സാമന്തയും ഇതില്‍ അഭിനയിക്കുന്നുണ്ട്.

Gargi