ആരാധകര്‍ ആര്‍ത്തുവിളിച്ചെത്തി…ലൈഗറിന്റെ പ്രൊമോഷന്‍ ഉപേക്ഷിച്ച് മടങ്ങി വിജയ് ദേവരകൊണ്ട

താരങ്ങളെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുന്നത് സാധാരണമാണ്. ആരാധനാമൂര്‍ത്തികളെ നേരില്‍ക്കാണാനും അവരോട് സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനുമെല്ലാം കാത്തിരിക്കുന്നവരാണ് ആരാധകര്‍. ചിലപ്പോഴൊക്കെ ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനവും പെരുമാറ്റവുമെല്ലാം ഉണ്ടാകാറുണ്ട്.

അങ്ങനെ ആരാധകരുടെ സ്‌നേഹം സഹിക്കാനാവാതെ വന്നിരിക്കുകയാണ്
തെലുങ്ക് യുവസൂപ്പര്‍താരം വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ പ്രൊമോഷന്‍ നടത്താനാകാതെ താരം മടങ്ങിപ്പോയിരിക്കുകയാണ്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

പട്‌നയിലാണ് സംഭവം. വിജയ് ദേവരകൊണ്ട തന്റെ പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാര്‍ത്ഥം സ്ഥലത്തെ ഒരു കോളേജിലെത്തിയിരുന്നു. അവിടേക്ക് താരത്തിനെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. അവരെ നിയന്ത്രിക്കാന്‍ സംഘാടകരും പ്രയാസപ്പെട്ടു.

ഇതോടെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി താരം പരിപാടി ഉപേക്ഷിക്കുകയായിരുന്നു. വിജയ് ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. ഫിലിം ട്രാക്കര്‍ രമേഷ് ബാലയാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ പ്രചാരണപരിപാടിയും ആരാധകരുടെ ബാഹുല്യം കാരണം വിജയ് ദേവരകൊണ്ട ഉപേക്ഷിച്ചിരുന്നു.

ചായക്കടക്കാരനില്‍ നിന്ന് ലാസ് വേഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍ പറയുന്നത്. പുരി ജഗന്നാഥ് ആണ് സംവിധാനം. ചിത്രം പാന്‍ ഇന്ത്യന്‍ റീലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് നായിക.

രമ്യാ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്.

Previous articleഫഹദ് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു! സംവിധായകന്‍ പറയുന്നു!
Next articleഡേറ്റിങ്ങിനിറങ്ങിയ കാമുകന്‍ കാമുകിയുടെ തലയില്‍ നിന്നും പേനെടുക്കുന്നു- വൈറലായി ഒരു വീഡിയോ