ബീസ്റ്റ് റിലീസ് ‘റിച്ചായി’ ആഘോഷിച്ച് ആരാധകര്‍: സിനിമാ കാണാനെത്തിയവര്‍ക്ക് വിതരണം ചെയ്തത് ‘വില കൂടിയ’ സമ്മാനം

വിജയ് ചിത്രം ‘ബീസ്റ്റ്’ ന്റെ റിലീസ് വ്യത്യസ്തമായി ആഘോഷിച്ച് വിജയ് ഫാന്‍സ്. തമിഴ്‌നാട്ടിലെ തമ്പരം പ്രദേശത്താണ് ആരാധകര്‍ വ്യത്യസ്തമായി തങ്ങളുടെ ദളപതിയുടെ പുതിയ സിനിമയുടെ റിലീസ് ആഘോഷിച്ചത്. സിനിമ കാണാനെത്തിയ നൂറ് ആരാധകര്‍ക്ക് ഓരോ…

വിജയ് ചിത്രം ‘ബീസ്റ്റ്’ ന്റെ റിലീസ് വ്യത്യസ്തമായി ആഘോഷിച്ച് വിജയ് ഫാന്‍സ്. തമിഴ്‌നാട്ടിലെ തമ്പരം പ്രദേശത്താണ് ആരാധകര്‍ വ്യത്യസ്തമായി തങ്ങളുടെ ദളപതിയുടെ പുതിയ സിനിമയുടെ റിലീസ് ആഘോഷിച്ചത്. സിനിമ കാണാനെത്തിയ നൂറ് ആരാധകര്‍ക്ക് ഓരോ ലിറ്റര്‍ പ്രെട്രോള്‍ വീതമാണ് ആരാധകര്‍ വിതരണം ചെയ്തത്.

തങ്ങള്‍ വിജയിയുടെ എല്ലാ സിനിമകളും ആഘോഷിക്കാറുണ്ടെന്ന് ആരാധകര്‍ പറയുന്നു. ഈ വര്‍ഷം പുതുമയുള്ള രീതിയില്‍ ആഘോഷിക്കാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ഏറ്റവും അത്യവശ്യമുള്ളതും ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുന്നതുമായ പെട്രോള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. സിനിമ കാണാനായി ഇരുചക്ര വാഹനങ്ങളിലെത്തിയ 100 പേര്‍ക്ക് ഓരോ ലിറ്റര്‍ പെട്രോള്‍ വീതമാണ് വിതരണം ചെയ്തത്. ആരാധകര്‍ വ്യക്തമാക്കുന്നു.

അതേസമയം, ബീസ്റ്റ് സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകള്‍ കീഴടക്കകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പതിവ് വിജയ് ചിത്രങ്ങളില്‍ നിന്നും വലിയ മാറ്റമൊന്നും ഇല്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ വിജയില്‍ നിന്നും പ്രതീക്ഷിക്കുന്നത് തന്നെയാണ് ബീസ്റ്റിലും തങ്ങള്‍ക്ക് ലഭിച്ചതെന്ന് ആരാധകര്‍ പറയുന്നു.

അതേസമയം, ബീസ്റ്റിന് പിന്നാലെ വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമെന്ന അടക്കം പറച്ചിലുകളും കോളിവുഡിലുണ്ട്. തന്റെ പുതിയ ചിത്രം ബീസ്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുനടന്ന ഇന്റര്‍വ്യൂവിലാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്. ദളപതി തലൈവര്‍ ആകുമോ എന്നായിരുന്നു അവതാരകനായ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ചോദ്യം. അതിന് വിജയ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം.

’30 വര്‍ഷം കൊണ്ട് ഒരു സാധാരണ നടനെ ദളപതി ആക്കിയത് ആരാധകരാണ്. തലൈവന്‍ ആക്കണോ വേണ്ടയോ എന്നതും അവരാണ് തീരുമാനിക്കേണ്ടത്. എനിക്ക് വിജയ് ആയിരിക്കുന്നതാണ് ഇഷ്ടം. അവസ്ഥയ്ക്ക് അനുസരിച്ച് മാറേണ്ടി വന്നാല്‍ മാറുക തന്നെ ചെയ്യണം’, വിജയ് പറഞ്ഞു.


അതേസമയം, വിജയ് നല്‍കിയത് വലിയൊരു സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് ഉദ്ദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പില്‍ വിജയുടെ കീഴിലയുള്ള വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷന് മത്സരിക്കുന്നതിനുള്ള അനുവാദം നല്‍കിയത് തമിഴ് രാഷ്ട്രീയത്തിലെ താരത്തിന്റെ ഏറ്റവും വലിയ ഇടപെടലായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടാണ് കാന്‍ഡിഡേറ്റുകള്‍ മത്സരിച്ചതെങ്കിലും ഏവരുടെയും തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ സാമ്യത പുലര്‍ത്തിയിരുന്നു.

129 സീറ്റുകളിലാണ് യാതൊരു രാഷ്ട്രീയ ഭൂതകാലവുമില്ലാത്ത വിജയ് മക്കള്‍ ഇയക്കത്തിലെ സംഘടനാ പ്രതിനിധികള്‍ ജയിച്ചുകേറിയത്. നാളിതുവരെ യാതൊരുവിധ വിവാദങ്ങള്‍ക്കും ഇടകൊടുക്കാതെ വിജയിച്ച ഓരോരുത്തരും നിശബ്ദരായി തങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ചെയ്ത് രാഷ്ട്രീയത്തില്‍ മുന്നേറുകയാണ്. ഈ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് വിജയുടെ വാക്കകുളെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.