വിക്രമിന്റെ കലക്ഷന്‍ 300 കോടി കടന്നു! കോടികള്‍ എന്തുചെയ്യും? ഉലകനായകന്‍ പറയുന്നു

മൂന്നാം ആഴ്ചയിലും ബോക്‌സോഫീസില്‍ കുതിച്ച് പായുകയാണ് വിക്രം. കോവിഡിന് ശേഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് വിക്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 35 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.…

മൂന്നാം ആഴ്ചയിലും ബോക്‌സോഫീസില്‍ കുതിച്ച് പായുകയാണ് വിക്രം. കോവിഡിന് ശേഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് വിക്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 35 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. വിജയ് ചിത്രങ്ങളെ ബഹദൂരം പിന്നിലാക്കിയാണ് ഉലകനായകന്‍ ചിത്രം തകര്‍പ്പന്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 150 കോടി കലക്ഷനിലേക്കാണ് വിക്രം കുതിക്കുന്നത്. ബാഹുബലിയുടെ കളക്ഷന്‍ ഭേദിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം മതി. രജനിയുടെ 2.0 എന്ന ചിത്രത്തെ തകര്‍ത്തുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലും ഇപ്പോള്‍ വിക്രമാണ് നമ്പര്‍ വണ്‍. മാത്രമല്ല യു.കെ അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലെയും നമ്പര്‍ വണ്‍ തമിഴ് ചിത്രമായി വിക്രം മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബോക്‌സോഫീസില്‍ നിന്ന് 300 കോടിയിലധികം നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രം കൂടിയായിരിക്കുകയാണ് വിക്രം. ഇതിന് മുമ്പ് 2.0, കബാലി എന്നീ രജനി ചിത്രങ്ങളാണ് ആഗോള കളക്ഷന്‍ 300 കോടി കടന്നിട്ടുള്ളത്.

വിക്രം നിര്‍മിച്ചിരിക്കുന്നത് കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ആണ്.
സിനിമ വന്‍ ഹിറ്റായതോടെ സംവിധായകന്‍, സഹ സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് കമല്‍ഹാസന്‍ സമ്മാനങ്ങള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാറാണ് കമല്‍ഹാസന്‍ സമ്മാനിച്ചത്. സൂര്യക്ക് ലക്ഷങ്ങള്‍ വില വരുന്ന റോളക്‌സ് വാച്ചും സമ്മാനിച്ചു.

അതിനിടെ, വിക്രം നേടിയ കോടികള്‍ ഉപയോഗിച്ച് എന്ത് ചെയ്യും എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കമല്‍ നല്‍കിയ ഉത്തരമാണ് വൈറലാകുന്നത്.
വിക്രം നേടിത്തന്ന പണം കൊണ്ട് തന്റെ ലോണുകളെല്ലാം അടച്ചുവീട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘എന്റെ എല്ലാ കടങ്ങളും ഞാന്‍ തിരിച്ചടയ്ക്കും, എനിക്ക് തൃപ്തിയാകുന്നത് വരെ ഞാന്‍ ഭക്ഷണം കഴിക്കും, എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കും. അതിന് ശേഷം ബാക്കിയൊന്നുമില്ലെങ്കില്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല എന്ന് പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നതായി എനിക്ക് അഭിനയിക്കേണ്ടതില്ല. എനിക്ക് വലിയ പദവികളൊന്നും വേണ്ട. ഒരു നല്ല മനുഷ്യനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ കേരളത്തില്‍ ഹിറ്റടിച്ച മൂന്ന് കോളിവുഡ് ചിത്രങ്ങളും കമല്‍ഹാസന്റെ പേരിലായി. 1989ല്‍ അപൂര്‍വ സഹോദരര്‍ഗള്‍, 1996ല്‍ ഇന്ത്യന്‍, ഇപ്പോള്‍ വിക്രമുമാണ് റെക്കോര്‍ഡ് വിജയം നേടിയിരിക്കുന്നത്.