‘കരയില്ല എന്ന് വാശി പിടിച്ച് ഇരിക്കുന്നവര്‍ ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ കരഞ്ഞിരിക്കും’

മികച്ച പ്രതികരണങ്ങള്‍ ലഭിച്ച പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘777 ചാര്‍ളി’. കന്നഡ സൂപ്പര്‍താരം രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്ത ചിത്രം മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം ഹൃദയസ്പര്‍ശിയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കരയില്ല എന്ന് വാശി പിടിച്ച് ഇരിക്കുന്നവര്‍ ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ അവര്‍ കരഞ്ഞിരിക്കുമെന്ന് വിമല്‍ ബേബി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘മനുഷ്യനും, മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം ആശയമാക്കി ഒരുപാട് സിനിമകള്‍ വന്നിട്ടുമുണ്ട് നമ്മള്‍ അത് കണ്ടിട്ടുമുണ്ട്. അത്തരത്തില്‍ ഉള്ള ഒരു സിനിമ ആണ് ‘Charlie 777’.
ഈ സിനിമ കണ്ട് കരഞ്ഞതിന് കയ്യും കണക്കുമില്ല. അത്രയ്ക്കും മനോഹരമായി ചിത്രീകരിച്ച ചിത്രം ആണ് ചാര്‍ലി 777. പതിഞ്ഞ താളത്തില്‍ തുടങ്ങി ക്ലൈമാക്‌സ് അടുക്കുംതോറും നമ്മുടെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും വല്ലാത്തൊരു തേങ്ങല്‍ വരും ആ തേങ്ങല്‍ കണ്ണുനീരായി മാറുന്നിടത്ത് ഈ സിനിമ അവസാനിക്കുന്നു. കരയില്ല എന്ന് വാശി പിടിച്ച് ഇരിക്കുന്നവര്‍ ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ അവര്‍ കരഞ്ഞിരിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂണ്‍ 10 നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായകുട്ടി കടന്നുവരുന്നതിനുശേഷം ഇരുവരുടെയും ജീവിതത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നായ നായികയായെത്തുന്ന ചിത്രം നായപ്രേമിയല്ലാത്തവര്‍ക്കും ഏതെങ്കിലും രീതിയില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് ചാര്‍ളിയെ സ്വന്തമാക്കാന്‍ തോന്നുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. നായ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും പ്രമേയം കൊണ്ടും അവതരണ രീതിയൊണ്ടും വേറിട്ട ദൃശ്യാവിഷ്‌ക്കാരം കൊണ്ടും ‘777 ചാര്‍ളി’ അവയില്‍ നിന്നും വ്യത്യസ്ഥമാണ്.

പരംവാഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണത്തിനെത്തിച്ചത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തില്‍ നോബിന്‍ പോള്‍ സംഗീതം ഒരുക്കിയിരിക്കിയ ഗാനങ്ങള്‍ ഹൃദയസ്പര്‍ശമാണ്. വിവിധ ഭാഷകളിലെ വരികള്‍ മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവരുമാണ് തയ്യാറാക്കിയത്.

Previous articleഓടുന്ന ബസിനടിയില്‍പ്പെട്ട വൃദ്ധന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു- വീഡിയോ
Next article‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സ്‌ക്രീനിലേക്ക്!!! സംവിധാനം രഞ്ജിത്ത്