അന്ന് മോനിഷ ദുപ്പട്ട കൊണ്ട് മുഖം മറച്ചാണ് കൂടെ വന്നത്!!! നിത്യഹരിത നായികയുടെ ഓര്‍മ്മകളില്‍ വിനീത്

മലയാളത്തിന്റെ നിത്യഹരിത നായികയാണ് മോനിഷ ഉണ്ണി. കണ്ണീരോര്‍മ്മ യാണെങ്കിലും ആരാധകമനസ്സില്‍ മോനിഷ ഇന്നും യുവനായികയാണ്. മൂന്ന് പതിറ്റാണ്ടായിരിക്കുകയാണ് മോനിഷ എന്ന വസന്തം വിടപറഞ്ഞിട്ട്. ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 51 വയസ്സാകുമായിരുന്നു.

1992 ഡിസംബര്‍ അഞ്ചിന് ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പുറപ്പെട്ട മോനിഷയും അമ്മയും സഞ്ചരിച്ച കാര്‍ ആലപ്പുഴ ചേര്‍ത്തലയില്‍ ബസുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്. തലച്ചോറിനുണ്ടായ പരിക്കു മൂലം സംഭവസ്ഥലത്തുവച്ചു തന്ന ജീവന്‍ നഷ്ടമായി. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

ഏഴ് വര്‍ഷക്കാലത്തെ സിനിമാ ജീവിതത്തില്‍ മോനിഷ നിരവധി പുരസകരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ സിനിമയ്ക്ക് തന്നെ ഉര്‍വ്വശി പട്ടം സ്വന്തമാക്കിയ നടി ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. കരിയറില്‍ എല്ലാ ഭാഷകളിലുമായി 27 ഓളം സിനിമകളിലാണ് മോനിഷ അഭിനയിച്ചത്.

ഇപ്പോഴിതാ മോനിഷയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ വിനീത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. നഖക്ഷതങ്ങള്‍ ആദ്യ സിനിമ മുതല്‍ തുടങ്ങിയ ഇവരുടെ സൗഹൃദം മോനിഷയുടെ മരണം വരെ തുടര്‍ന്നു.

‘മോനിഷയ്ക്ക് 13 വയസുള്ളപ്പോഴാണ് നഖക്ഷതങ്ങള്‍ ചെയ്യുന്നത്. വിനീതിന് അന്ന് 16 വയസായിരുന്നു. ഡാന്‍സ് അറിയാം എന്നല്ലാതെ രണ്ടുപേര്‍ക്കും അഭിനയത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഹരിഹരന്‍ സാര്‍ പറഞ്ഞു തന്നത് പോലെ ചെയ്ത് കാണിക്കുകയായിരുന്നു തങ്ങള്‍ എന്ന് വിനീത് പറയുന്നു.

സിനിമയുടെ ബേസിക്‌സ് എല്ലാം പഠിച്ചത് അവിടെ നിന്നാണ്. ഹരിഹരന്‍ സാര്‍ പറഞ്ഞു കൊടുത്ത് അഭിനയിച്ചിട്ടും മോനിഷ ദേശീയ അവാര്‍ഡ് നേടി. ഗൗരി എന്ന കഥാപാത്രം അത്രയേറെ മനോഹരമായാണ് മോനിഷ ചെയ്തത്.

നഖക്ഷതങ്ങള്‍ കഴിഞ്ഞ് ഋതുഭേദത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പിന്നീട് ഞാന്‍ പഠനത്തിനായി ഇടവേളയെടുത്തു. മോനിഷ ആ സമയത്തും സജീവമായി സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇടവേളയ്ക്ക് ശേഷം കമലദളത്തിലാണ് പിന്നീട് ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. അപ്പോഴേക്ക് ഇരുത്തം വന്ന കലാകാരിയായി മാറിയിരുന്നു മോനിഷ.

നല്ലൊരു സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു, പരസ്പര ബഹുമാനമുള്ള ഒരു ബന്ധമായിരുന്നു അത്. 1992 പകുതിയില്‍ ദുബായില്‍ ഒരു ലാലേട്ടന്‍ ഷോ ഉണ്ടായിരുന്നു. ഒരു മാസം ഞങ്ങള്‍ അവിടെ ആയിരുന്നു എല്ലാവരും ഉണ്ടായിരുന്നു. മോനിഷ ഇത്രയേറെ ആസ്വദിച്ച ഒരു ഷോ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. അതുകഴിഞ്ഞ് കമലദളത്തിലെ വിജയവും ആഘോഷിച്ചു.

അന്നത്തെ ട്രാജഡി ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. തലേദിവസം വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നതാണ്. ജിഎസ് വിജയന്‍ ചിത്രത്തിലായിരുന്നു മോനിഷ. ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമയിലും. എന്നാല്‍ ഒരേ ഹോട്ടലിലായിരുന്നു ഞങ്ങള്‍ താമസിച്ചത്.

അന്ന് ചമ്പക്കുളം തച്ചന്‍ സിനിമ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. ശ്രീവിദ്യാമ്മയും ഉണ്ടായിരുന്നു. ദുപ്പട്ട കൊണ്ട് മുഖം മറച്ചാണ് അന്ന് മോനിഷ ഞങ്ങളുടെ കൂടെ വന്നത്. അപ്പോള്‍ ഞാന്‍ ഒരു പരിപാടിക്കായി ബാംഗ്ലൂരിലേക്ക് പോവുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ തലശ്ശേരിയിലേക്ക് പോയി, കാണാന്‍ കഴിയാത്ത കൊണ്ട് ബാംഗ്ലൂരിലെ ഷോയ്ക്ക് ആശംസ അറിയിച്ചൊരു കുറിപ്പും മോനിഷ ഹോട്ടലില്‍ കൊടുത്തിരുന്നു. തലശ്ശേരിയിലെത്തിയപ്പോഴാണ് എന്റെ അമ്മയാണ് മോനിഷയ്ക്ക് അപകടം സംഭവിച്ചത് അറിയിച്ചത്.

അവിടുന്ന് കൊച്ചിയിലെത്തി പിന്നീട് ബാംഗ്ലൂരിലേക്കും പോയി. അവിടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന, നല്ല അടുപ്പം നിലനിര്‍ത്തിയിരുന്ന ആളായിരുന്നു മോനിഷ. മോനിഷയുടെ സ്വാഭാവിക അഭിനയവും ശാലീന സൗന്ദര്യമൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും മോനിഷയോട് എന്നും സ്‌നേഹം നിലനില്‍ക്കുന്നതും അതുകൊണ്ടാണെന്നു വിനീത് പറയുന്നു.

Anu B