ക്രിയേറ്റിവിറ്റി വര്‍ധിപ്പിക്കില്ല!!! മുപ്പത്തഞ്ച് വയസാവുമ്പോള്‍ ജീവിതം എരിഞ്ഞുപോകും-വിനീത് ശ്രീനിവാസന്‍

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ലഹരി ഉപയോഗത്തിലൂടെ ക്രിയേറ്റിവിറ്റി വര്‍ധിക്കുമെന്ന് പറയുന്നത് തെറ്റാണെന്ന് വിനീത് പറഞ്ഞു. വിത്ത് ധന്യ വര്‍മ എന്ന പരിപാടിയിലാണ് വിനീതിന്റെ വെളിപ്പെടുത്തല്‍. കുറെ…

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ലഹരി ഉപയോഗത്തിലൂടെ ക്രിയേറ്റിവിറ്റി വര്‍ധിക്കുമെന്ന് പറയുന്നത് തെറ്റാണെന്ന് വിനീത് പറഞ്ഞു. വിത്ത് ധന്യ വര്‍മ എന്ന പരിപാടിയിലാണ് വിനീതിന്റെ വെളിപ്പെടുത്തല്‍.

കുറെ ആളുകളുടെ വിചാരം ലഹരി ഉപയോഗിച്ചാല്‍ ക്രിയേറ്റിവിറ്റി വരുമെന്നാണ്. എന്നാല്‍ ഒരു തേങ്ങയും വരില്ല എന്നതാണ് സത്യം. എന്നാല്‍ ഇത് ആളുകള്‍ മനസിലാക്കുന്നില്ല. അടിമപ്പെട്ടുപോയാല്‍ സമയം പോകുന്നത് അറിയില്ല. നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പങ്കാണ് ലഹരി കവരുന്നതെന്നും വിനീത് പറയുന്നു.

ലഹരിയ്ക്ക് അടിമപ്പെട്ടാല്‍ മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞു തീരും. കുറച്ച് കാലം കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ഇത് സിനിമാ മേഖലയില്‍ മാത്രമല്ല. എല്ലായിടത്തും ഉള്ളതാണ് എന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര പിടിച്ചുവെക്കാന്‍ നോക്കിയാലും ലഹരിയ്ക്ക് പൂട്ടിടാന്‍ കഴിയില്ല. നാട്ടില്‍ പട്ടിണിയില്‍ കഴിയുന്ന ആളുകളുണ്ട്. പെട്ടെന്ന് പണം കിട്ടുന്ന പരിപാടിയ്ക്ക് പോകാനാവും ആളുകള്‍ക്ക് താത്പര്യം. ആളുകള്‍ ഉപയോഗം സ്വയം തന്നെ നിര്‍ത്തുക എന്നതാണ് ഏക പരിഹാരം. അല്ലാതെ ഒരു പരിഹാരവും ഈ കാര്യത്തിലില്ലെന്നും വിനീത് പറയുന്നു.

വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റാണ് . നവാഗതനായ അഭിനവ് സുന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയറ്റുകളില്‍ ലഭിക്കുന്നത്.