സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍!!! ഇനിയും വരുമെന്ന് വിനീത് ശ്രീനിവാസന്‍

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്ക് ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഉത്സവപ്പറമ്പില്‍ നിന്നും ഓടി രക്ഷപ്പെട്ടു എന്ന രീതിയില്‍ വീഡിയോ സോഷ്യലിടത്ത് വൈറലാണ്. ഗാനമേള മോശമായതിനെ തുടര്‍ന്നാണ് താരം ഓടുന്നതെന്നാണ് പ്രചാരണം. പരിപാടി…

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്ക് ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഉത്സവപ്പറമ്പില്‍ നിന്നും ഓടി രക്ഷപ്പെട്ടു എന്ന രീതിയില്‍ വീഡിയോ സോഷ്യലിടത്ത് വൈറലാണ്. ഗാനമേള മോശമായതിനെ തുടര്‍ന്നാണ് താരം ഓടുന്നതെന്നാണ് പ്രചാരണം.

പരിപാടി കാണാനെത്തിയ ആളുകള്‍ ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് കുറച്ചകലെയായി പാര്‍ക്ക് ചെയ്ത കാറിനടുത്തേക്ക് ഓടുകയായിരുന്നെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് വിനീത് തന്നെ.

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി.

ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും! ??

വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ചാണ് വിനീത് എത്തിയത്. ഗാനമേള കഴിഞ്ഞ് സെല്‍ഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങിനിറഞ്ഞു. ഒടുവില്‍ തിരക്ക് കൂടിയതോടെ വിനീത് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഈ വീഡിയോ ആരോ എടുത്ത് ‘പ്രോഗ്രാം മോശമായി; വിനീത് ഓടി രക്ഷപ്പെട്ടു’ എന്ന പേരില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് സുനീഷ് വാരനാട് അറിയിച്ചിരുന്നു.