‘തുപ്പിയിട്ടത് അല്ല’ ‘ഉപ്പിലിട്ടത്’: സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഒരു സംഘി ഉത്പന്നം’

ഒരു കടുക് മാങ്ങ അച്ചാറിന്റെ പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന ലേബലില്‍ ഒരു ഉത്പന്നം വിപണിയില്‍ എത്തുന്നത്. ‘തുപ്പി ഇട്ടതല്ല, ഉപ്പിലിട്ടത്’ എന്ന തലക്കെട്ടാണ് കടുക്…

ഒരു കടുക് മാങ്ങ അച്ചാറിന്റെ പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന ലേബലില്‍ ഒരു ഉത്പന്നം വിപണിയില്‍ എത്തുന്നത്.

‘തുപ്പി ഇട്ടതല്ല, ഉപ്പിലിട്ടത്’ എന്ന തലക്കെട്ടാണ് കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന് നല്‍കിയിരിക്കുന്നത്. ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ നതേൃത്വത്തിലുള്ള ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇദ്ദേഹം വലത് രാഷ്ട്രീയ അനുകൂലി ആണെന്നാണ് റിപ്പോര്‍ട്ട്.

സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയ ശക്തികളെ നേരിടുന്നതിന് സ്വന്തം ഉത്പന്നങ്ങള്‍ രംഗത്തിറക്കണമെന്ന് തീവ്ര വലത് വിഭാഗങ്ങള്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന പേരില്‍ കടുക് മാങ്ങ അച്ചാര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

അതേസമയം, ഹലാല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ബദലായാണ് അച്ചാര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. മുസ്ലിം വിഭാഗങ്ങള്‍ ഹോട്ടലുകളില്‍ അടക്കം ഭക്ഷണത്തില്‍ തങ്ങളുടെ മതാചാര പ്രകാരം തുപ്പിയിട്ടാണ് അന്യ മതസ്ഥര്‍ക്ക് അടക്കം ഭക്ഷണം നല്‍കുന്നതെന്ന രീതിയില്‍ വ്യാപകമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രചരണങ്ങളുടെ ചുവട് പിടിച്ചാണ് തുപ്പി ഇടാത്തത് എന്ന വാചകം ഉല്‍പ്പന്നത്തിന്റെ കവറില്‍ നല്‍കിയിരിക്കുന്നത് എന്നും സൂചനയുണ്ട്.

അതേസമയം, വട്ടവടയില്‍ ഹലാല്‍ ഭക്ഷണം തരാത്തതിന് കോഴി ഇറച്ചി കടക്കാരനെ സംഘി എന്ന് മുദ്ര കുത്തിയ യുവാവിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചി കടക്കാരന് ഇസ്ലാമാഫോബിയ ആയതിനാലാണ് സാധാരണ ഇറച്ചി മാത്രമേ തരൂ എന്ന് അയാള്‍ വാശി പിടിച്ചത് എന്നാണ് യുവാവിന്റെ ആരോപണം. എന്നാല്‍ സ്വന്തം മതഭ്രാന്ത് തിരിച്ചറിയാനാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും യുവാവിന് ലഭിക്കുന്ന ഉപദേശം.

എന്തായാലും ‘ഒരു സംഘി ഉത്പന്നം’ എന്ന ലേബലില്‍ ഒരു ഉത്പന്നം വിപണിയില്‍ എത്തുന്നത് ആദ്യമായാണ്.  പരസ്യം നന്നേ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഒരു അപകട സാധ്യത മുന്നില്‍ കണ്ടു കൊണ്ടല്ലാതെ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന ഇത്തരം വൈറല്‍ പോസ്റ്റുകളെ നോക്കിക്കാണാനാകില്ല. ജാതി മത ചിന്തകള്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കണ്ടുകൊണ്ടിരിക്കുന്നത്. അതിനിടയ്ക്കാണ് ഭക്ഷണ കാര്യത്തിലും ഇത്തരത്തിലുള്ള തമ്മിലടികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഹലാല്‍ ചിക്കന്റെ പേരില്‍ ഇത്തരത്തില്‍ ഉയര്‍ന്നു വന്ന തമ്മിലടികള്‍ ശമിക്കുന്നതിന് മുന്‍പേ ആണ് ഇപ്പോള്‍ അച്ചാറിന്റെ പേരില്‍ പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.