‘ അന്ന് എന്റെ വിചാരം ഞാന്‍ സിനിമ നടനായി എന്നായിരുന്നു’; അനുഭവങ്ങള്‍ പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. പിന്നീട് നായക വേഷങ്ങളില്‍ തിളങ്ങി. ചുരുങ്ങിയ കാലംകൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. എന്നാല്‍ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി എവിടെയും പോയി അലഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. കുറി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്നോടൊക്കെ ഒരുപാട് പേര് പറയും നിങ്ങള്‍ ഒക്കെ കുറെ അലഞ്ഞിട്ടാണല്ലോ അഭിനയിക്കാന്‍ അവസരം കിട്ടിയതെന്ന്. ഞാന്‍ എവിടെയും അലഞ്ഞിട്ടില്ല എന്നത് എനിക്കേ അറിയുള്ളൂ. അങ്ങനെ ചാന്‍സിനു വേണ്ടിയൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് സംവിധായകരെ ആരെയും പരിചയമില്ലായിരുന്നു. സിനിമയിലും ആരെയും പരിചയമില്ലായിരുന്നു. ആകെ അറിയുന്നത് മനുരാജേട്ടനെയാണ്. പുള്ളിയുടെ ട്രൂപ്പിലാണ് ഞങ്ങള്‍ മിമിക്രി കളിച്ചോണ്ടിരുന്നത്. പുള്ളിയുടെ ഒരു സുഹൃത്ത് നിഷാദ് ഖാനാണ് എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ എന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞത്’ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണ്‍ പറഞ്ഞത്.

ആ സിനിമയിലേക്ക് ചെല്ലുന്നത് മിമിക്രിക്ക് സ്റ്റേറ്റില്‍ ഫസ്റ്റ് കിട്ടിയിട്ട് പത്രത്തില്‍ ഫോട്ടോ ഒക്കെ വന്ന് ഹാപ്പിയായി നില്‍ക്കുന്ന സമയമായിരുന്നുവെന്നും അങ്ങനെ ആ സെറ്റില്‍ ചെല്ലുമ്പോഴാണ് ആദ്യമായി സിബി മലയില്‍ എന്ന ഡയറക്ടറെ കാണുന്നതെന്നും എന്നാല്‍ അവിടെ ചെന്നപ്പോള്‍ തന്നെ ഫിക്‌സ് ചെയ്ത റോള്‍ വേറെ ഒരാള്‍ ചെയ്ത് പോയതായി അറിഞ്ഞുവെന്നും വിഷ്ണു വെളിപ്പെടുത്തി. എന്നാല്‍ എന്തായാലും അവിടെ നില്‍ക്ക് എന്ന് പറഞ്ഞ് നിഷാദിക്ക തന്നെ അവിടെ പിടിച്ചു നിര്‍ത്തിയെന്നും അങ്ങനെ ഒരു ഡയലോഗ് വന്നപ്പോള്‍ നിഷാദിക്ക എടാ നീ പറയില്ലേ എന്ന് തന്നോട് ചോദിച്ചുവെന്നും അങ്ങനെ പറഞ്ഞ് നോക്കിയപ്പോഴേക്കും സിബി സാര്‍ ഒക്കെ പറഞ്ഞുവെന്നുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.‘ആ സിനിമയില്‍ എന്റെ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ ആയപ്പോള്‍ എല്ലാവരും കയ്യടിച്ചു. സിബി സാര്‍ വന്ന് ഷേക്ക് ഹാന്‍ഡും തന്നു. അപ്പോള്‍ എന്റെ വിചാരം ഞാന്‍ സിനിമ നടനായി, ഇനി വിളികള്‍ ഇങ്ങനെ വന്നോളും എന്നായിരുന്നു ഞാന്‍ ആയിട്ട് എവിടെയും പോയി ചാന്‍സ് ചോദിച്ചിരുന്നില്ല’ എന്നാണ് തന്റെ ആദ്യ അഭിനയ നിമിഷത്തെക്കുറിച്ച് വിഷ്ണു വ്യക്തമാക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണന്റേതായി ഇനി ഇറങ്ങാനിരിക്കുന്ന സിനിമ കുറിയാണ്. കോക്കേര്‍സ് മീഡിയ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണാണ് കുറി സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

Aswathy