മിന്നല്‍ മുരളി കണ്ടതിന് ശേഷം നിരാശനായി, ടൊവിനോയേയും ബേസിലിനേയും വിളിച്ചെന്നും വിഷ്ണു വിശാല്‍

ടോവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് ചിത്രമായ ‘മിന്നല്‍ മുരളി’ ലോകമെങ്ങും തരംഗമായി മാറിയ സിനിമയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലോകമെങ്ങും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട തമിഴ്…

ടോവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് ചിത്രമായ ‘മിന്നല്‍ മുരളി’ ലോകമെങ്ങും തരംഗമായി മാറിയ സിനിമയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലോകമെങ്ങും ലഭിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട തമിഴ് നടന്‍ വിഷ്ണു വിശാലിനും ചിലതു പറയാനുണ്ട്. മിന്നല്‍ മുരളി കണ്ടതിന് ശേഷം താന്‍ നിരാശനായെന്നും അതിന് പിന്നിലെ കാരണത്തെ കുറിച്ചുമാണ് നടന് പറയാനുള്ളത്. സൂപ്പര്‍ ഹീറോ സിനിമകളുടെ വലിയ ഫാനാണ് താന്‍.

ഇടയ്ക്കിടെ സംവിധായകരുമായി സംസാരിക്കുമ്പോഴെല്ലാം സൂപ്പര്‍ ഹീറോ തീം ആലോചിക്കുവെന്ന് പറയാറുണ്ട്. അങ്ങനെയിരിക്കെയാണ് മിന്നല്‍ മുരളിയെ കുറിച്ച് കേള്‍ക്കുന്നതും പിന്നീട് ആ സിനിമ കണ്ടതും. കണ്ട ശേഷം താന്‍ സിനിമയെ അഭിനന്ദിച്ച് ടൊവിനോയ്ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു.

സൂപ്പര്‍ഹീറോ വേഷം ലഭിക്കാത്തതില്‍ താന്‍ നിരാശനാണെന്ന് ടൊവിനോയോടും ബേസിലിനോടും പറയുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യം സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ചെയ്യുന്നത് താനായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മനോഹരമായി ചെയ്തുവെച്ചിട്ടുണ്ട് മിന്നല്‍ മുരളിയെന്നും വിഷ്ണു പറഞ്ഞു. അതേസമയം മലയാള സിനിമകള്‍ ചെയ്യാന്‍ ഒരുപാട് താല്‍പര്യമുള്ള വ്യക്തിയാണ് താനെന്നും വിഷ്ണു പറഞ്ഞു.

മിന്നല്‍ മുരളി ക്രിസ്മസ് റിലീസ് എന്ന നിലയില്‍ ഡിസംബര്‍ 24 നാണ് നെറ്റ്ഫ്‌ലിക്‌സ് പ്രീമിയറായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.