ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല; മന്ത്രി പി. രാജീവിനെ തള്ളി ഡബ്ല്യൂസിസി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി.…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി.
എന്നാലിപ്പോള്‍, ഏകദേശം രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് നിയമ സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ലെന്നും കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യു സി സി അടക്കമുള്ള സംഘടനകള്‍.

ഇതിന് മറുപടിയായി, ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാല്‍ത്തന്നെ നിയമസഭയില്‍ വയ്ക്കാന്‍ ബാധ്യതയില്ലെന്നുമുള്ള സാങ്കേതിക ന്യായമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതുമല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമാണ് മന്ത്രി പി രാജീവ്.

കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്യു സി സി അംഗങ്ങള്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചുവെന്നാണ് ഒരു ഇംഗ്ലീഷ് പത്രവുമായുള്ള അഭിമുഖത്തില്‍ പി രാജീവ് വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടതെന്നും ഡബ്ല്യൂ സി സി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെന്നും പഴയ ഫയലുകള്‍ നോക്കിയാല്‍ മാധ്യമങ്ങള്‍ക്ക് അത് വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
രഹസ്യ സ്വഭാവം സംരക്ഷിക്കുമെന്ന ഉറപ്പിലാണ് ആളുകള്‍ മൊഴി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ചര്‍ച്ച ബുധനാഴ്ച നടക്കുമെന്നും മന്ത്രി
വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ പതിനൊന്നിനാണ് ചര്‍ച്ച.

അമ്മ, ഡബ്ല്യൂ സി സി, മാക്ട,ഫെഫ്ക, ഫിലിം ചേംബര്‍ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി പ്രതിധിനികളും ചര്‍ച്ചയില്‍ പങ്കെടുക്കും. സംഘടനകളുടെ അഭിപ്രായം അറിഞ്ഞ ശേഷം നിയമ നിര്‍മാണത്തിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാലിപ്പോള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന നിയമമന്ത്രിയുടെ വാദം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ മേഖലയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടിട്ടില്ലെന്നും, സിനിമാ സംഘടനകളില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെന്നും ഡബ്ല്യൂസിസി അംഗം ദീദി ദാമോദരന്‍ വിമര്‍ശിച്ചു.