‘നിവിന്‍ പോളി അജു വര്‍ഗീസ് കൂട്ടുകെട്ട് എന്തുകൊണ്ട് തന്റെ സിനിമകളിലില്ല’; തുറന്നുപറഞ്ഞ് എബ്രിഡ് ഷൈന്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലവാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് നിവിന്‍ പോളി എന്ന നടന്‍ വെള്ളിത്തിരയിലെത്തുന്നത്. അജു വര്‍ഗീസും ഉള്‍പ്പെടെയുള്ള ഒരുപിടി നടന്മാരെയും ആ സിനിമ മലയാളത്തിന് സമ്മാനിച്ചു. പിന്നീട് നിവിന്‍ പോളി അജു വര്‍ഗീസ് കൂട്ടുകെട്ടിലിറങ്ങിയ സിനിമകളെല്ലാം മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

എന്നാല്‍ എബ്രിഡ് ഷൈന്‍ നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ 1983, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ സിനിമകളിലൊന്നും അജു ഇല്ലായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് എബ്രിഡ് ഷൈന്‍ ചിത്രങ്ങളില്‍ അജു വര്‍ഗീസ് ഇല്ലാത്തതെന്ന് വ്യക്തമാക്കുകയാണ് എബ്രിഡ് ഷൈന്‍.

1983ക്കും, ആക്ഷന്‍ ഹീറോ ബിജുവിനും ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മഹാവീര്യറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
1983ല്‍ നിവിന്‍ പറഞ്ഞിട്ട് അജുവിനെ കാസ്റ്റ് ചെയ്തിരുന്നുവെന്നും അജുവിന്റെ ഭാഗം ഒരു ദിവസം ഷൂട്ട് ചെയ്തിരുന്നു എന്നും ഏബ്രിഡ് ഷൈന്‍ പറയുന്നു. പക്ഷെ പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് അജുവിന് അത് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല എന്നും എബ്രിഡ് ഷൈന്‍ വ്യക്തമാക്കുന്നു.

‘1983ല്‍ നിവിന്‍ പറഞ്ഞിട്ട് അജുവിനെ കാസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം അജു വന്ന് അഭിനയിക്കുകയും ചെയ്തതാണ്. കഥാപാത്രത്തിന്റെ 40 വയസിന് താഴോട്ടുള്ള രീതിയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. ഈ 40 വയസിന്റെ കുറച്ച് ഭാഗത്ത് മാത്രമാണ് അജു അഭിനയിച്ചത്. പിന്നീട് അത് പൂര്‍ത്തിയാക്കാന്‍ അജുവിന് ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം സാധിച്ചില്ല. ഇതുപോലെ തന്നെ ആക്ഷന്‍ ഹീറോ ബിജുവിലും അജുവിനെ കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ അപ്പോഴും ഡേറ്റ് ക്ലാഷ് ആയത് കൊണ്ട് അതും അഭിനയിക്കാന്‍ സാധിച്ചില്ല.’ എന്നാണ് എബ്രിഡ് ഷൈന്റെ വാക്കുകള്‍.
മഹാവീര്യറില്‍ അജുവിന് പറ്റിയ റോളുകള്‍ ഒന്നും ഇല്ലായിരുന്നു എന്നും ഏബ്രിഡ് ഷൈന്‍ കൂട്ടിചേര്‍ത്തു.

ഇപ്പോഴിതാ എബ്രിഡ് ഷൈന്‍ നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങിയ മഹാവീര്യര്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ടൈം ട്രാവലും ഫാന്റസിയും മുഖ്യപ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലറിനും ക്യാരക്ടര്‍ പോസ്റ്ററിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കൂടാതെ ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ മഹാവീര്യര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

 

Aswathy