‘സ്‌നേഹം നിങ്ങളെക്കൊണ്ട് ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും’ പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ച് വില്‍ സ്മിത്ത്

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്ത് നടന്‍ വില്‍ സ്മിത്ത് അടിച്ചത് വലിയ വാര്‍ത്തയായിരുന്നു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു. പിന്നാലെ സ്മിത്ത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.…

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്ത് നടന്‍ വില്‍ സ്മിത്ത് അടിച്ചത് വലിയ വാര്‍ത്തയായിരുന്നു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു. പിന്നാലെ സ്മിത്ത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ നേടിയ വില്‍ സ്മിത്ത് പുരസ്‌കാരം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിനിടയില്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞു. ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിനെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തന്റെ പ്രവര്‍ത്തിയെ കൃത്യമായി അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വില്‍ സ്മിത്തിന്റെ പ്രസംഗം. അക്കാദമിയോടും തനിക്കൊപ്പം പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരോടും ക്ഷമാപണം നടത്തിയ വില്‍ സ്മിത്ത് താനും റിച്ചാര്‍ഡ് വില്യംസിനെപ്പോലെ ഭ്രാന്തനായ അച്ഛനായെന്നു പ്രതികരിച്ചു. ‘സ്‌നേഹം നിങ്ങളെ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും,’ നിറകണ്ണുകളോടെ വില്‍ സ്മിത്ത് പറഞ്ഞു.

‘എനിക്ക് അക്കാദമിയോട് മാപ്പ് പറയണം… എന്റെ എല്ലാ നോമിനികളോടും മാപ്പ് പറയണം. കല ജീവിതത്തെ അനുകരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പിന്നാലെ തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെ പരാമര്‍ശിച്ച അദ്ദേഹം ‘ഞാന്‍ ഒരു ഭ്രാന്തനായ പിതാവിനെപ്പോലെയാണ്. എന്നാല്‍ സ്നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.’ എന്നും കൂട്ടിച്ചേര്‍ത്തു. റിച്ചാര്‍ഡ് വില്യംസ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതുപോലെ, തന്റെ സഹ അഭിനേതാക്കളെ ‘സംരക്ഷിക്കുന്നതിന്’ വേണ്ടിയാണ് സിനിമ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് എന്നും സ്മിത്ത് പറഞ്ഞു.