അച്ഛന്‍റെ സ്വപ്ങ്ങളിലേക്ക് യാത്ര ചെയ്യുന്നൊരു മകൻ!!!!

അബിയെ ഒരുപാടിഷ്ടപ്പെട്ടിരുന്നു മലയാളികൾ, എങ്ങും എത്താതെ പോയ സിനിമാ ജീവിതത്തിന്റെ അവശേഷിപ്പുകൾ അങ്ങിങ്ങായി ചാനലുകളിൽ വരുന്ന പഴയ സിനിമകളിൽ മാത്രമായി പ്രേക്ഷകരിൽ ഒതുങ്ങിയെങ്കിലും ഒരു പക്ഷെ ആ അച്ഛനു ലഭിക്കാതെ പോയതെല്ലാം തിരിച്ചു പിടിക്കാൻ നിയോഗം പോലെ മകന് അവസരം ഒരുങ്ങുകയാണ്.

ഷൈൻ നിഗം എന്ന ആ മെലിഞ്ഞു കൊലുന്തനെയുള്ള ചെറുപ്പക്കാരനെ കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമാണ്, അബിക്ക പണ്ട് ഒരുപാട് മിമിക്രി കാസറ്റുകളിലൂടെയും ഏഷ്യാനെറ്റിൽ വരുന്ന പ്രോഗ്രാമിലൂടെയും ഒക്കെ ചിരിപ്പിച്ച ഓര്‍മ്മകളിങ്ങനെ മുന്നിലേക്ക് വരും. അച്ഛൻ നിർത്തിയടത്തു നിന്നു തുടങ്ങുന്ന മകൻ, ഈ പടച്ചവൻ ഒരു സംഭവം തന്നെയാണ്…

പക്ഷെ ഒരിക്കലും അബി എന്ന മിമിക്രി താരത്തിന്‍റെയോ നടന്‍റെയോ മേൽവിലാസത്തിലല്ല ഈ മകൻ നമ്മളിലേക്ക് എത്തിയത്, മറിച്ചു സെറ്റൽഡ് ആയി മിതാഭിനയത്തിന്‍റെ പരകോടിയിൽ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെയാണ്. ചിലപ്പോൾ അബിയുടെ മകനാണ് ഷൈൻ എന്ന് ഇപ്പോഴും അറിയാത്തവരുണ്ടാകും.

കുറച്ചു പേർക്കെങ്കിലും അങ്ങനെ തന്നെയിരിക്കട്ടെ, അത് തന്നെയാകട്ടെ കാലത്തിനോടും സമയത്തിനോടുമുള്ള മധുര പ്രതികാരം. പിൻഗാമി എന്ന വാക്ക് ഉതകാൻ അവനു മുന്നിലുണ്ടായിരുന്നവൻ കീഴടക്കാൻ ഒരുപാട് ബാക്കി വച്ചു പോയ ഒരുവനാണ് എന്നുള്ള സത്യം അതീ യുവാവിന്‍റെ പ്രകടനങ്ങളുടെ മാറ്റ് കൂട്ടുന്നു.

താന്തോന്നി എന്ന പ്രിത്വിരാജ് ചിത്രത്തിൽ തുടങ്ങിയ സിനിമാ ജീവിതം അൻവറിലൂടെയും കിസ്മത്തിലൂടെയും കമ്മട്ടിപ്പാടത്തിലൂടെയും പറവയിൽ എത്തി നിൽകുമ്പോൾ ഷൈനിലെ അഭിനേതാവിന്റെ കാലിബർ ഒരുപാടാണ് എന്ന് തെളിയിക്കുന്നുണ്ട് ഓരോ വേഷവും. പക്ഷെ അയാളെ വാഴ്ത്തിപ്പാടാനോ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന യുവനടന്മാരിൽ ഒരാൾ എന്ന പേരിൽ പറയാനോ ആരും തയാറല്ല എന്നുള്ളതും സത്യമാണ്.

കണ്ണടച്ച് നില്‍ക്കുന്നോരുടെ കണ്ണ് തുറപ്പിച്ചു ഷൈൻ മുന്നോട്ടു കയറി വരുകയാണ്. കമ്മട്ടിപ്പാടത്തിലെ ചെറുപ്പക്കാരന്‍റെ റോൾ ഒക്കെ ഷൈൻ മിതാഭിനയത്തിലൂടെ ചെയ്തു ഫലിപ്പിച്ചത് കാണുമ്പോൾ ഷൈനിനോട് എനിക്ക് ഉണ്ടായിരുന്ന ബഹുമാനത്തെ അതിലും ഒരുപടി മുന്നിലേക്ക് ഉയർത്തുകയായിരുന്നു സൈറ ഭാനുവിലെ ജോഷ്വ പീറ്ററും, പറവയിലെ ഷൈനും.

ഇച്ചാപ്പിയുടെയും ഹസീബിന്‍റെയും അത്യുഗ്രൻ പെർഫോമൻസുകൾക്കിടയിൽ അവർക്കൊപ്പം കൈയടി അർഹിക്കുന്ന പ്രകടനവുമായി ഷൈനും ഉണ്ട്. ഒരുപക്ഷെ അത്രകണ്ട് വാഴ്ത്തലുകൾ ഇല്ലെങ്കിലും ഈ ചെറുപ്പക്കാരന്റെ പറവയിലെ പ്രകടനത്തിന് കൈയടിക്കാതിരിക്കാൻ പറ്റില്ല.

പ്രത്യേകിച്ച് ഇമ്രാന്‍റെ മരണ വാർത്തയറിഞ്ഞു വീട്ടിൽ ഒരു ഭ്രാന്തനെ പോലെ അലറി നടക്കുന്ന ഷൈനിന്റെ പ്രകടനം ഒക്കെ അതി തീവ്രമായ വികാര സംക്ഷോഭത്തെ പ്രേക്ഷകരിൽ എത്തിക്കുന്ന ഒന്നാണ്. ഇമ്രാന്‍റെ മരണം അയാളിൽ തീർത്ത വേദന അത്രയും ആഴത്തിൽ നമ്മളിലേക്ക് എത്തിക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെയാണ് അന്തർമുഖനായി അവൻ ജീവിക്കേണ്ടി വരുന്നതിലെ നൊമ്പരം നമ്മെ തെലൊന്നു ഉലക്കുന്നത്. ഷൈൻ നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്.

ജീവിതം അങ്ങനെയാണ്, നമുക്ക് ചെയ്തു തീർക്കാൻ കഴിയാത്തത് ചെയ്യാൻ ദൈവം വേറെ ആരെയെങ്കിലും ഏല്‍പ്പിക്കും. അബി ഇക്ക നിങ്ങളുടെ മകനെയാണ് ദൈവം നിങ്ങളുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്.

കണ്ടു കൈയടിക്കാതിരിക്കാനാകുന്നില്ല ആ മകന്‍റെ മികച്ച പ്രകടനങ്ങൾ. നിങ്ങൾ ഭാഗ്യം ചെയ്തൊരു അച്ഛൻ തന്നെയാണ്. തന്‍റെ സ്വപ്നങ്ങളിലേക്ക് മകൻ നടന്നു കയറുമ്പോൾ അബി എന്ന ആ പഴയ മിമിക്രിക്കാരൻ ചിരികുകയാകും കാലത്തെ നോക്കി, നിറഞ്ഞ സന്തോഷത്തോടെ!!

Devika Rahul