Malayalam WriteUps

ഇരുപത്തെട്ടുകാരനായ അബുള്‍ ബജന്ദറിന്റെ കൈകാലുകള്‍ ഇപ്പോഴും മരത്തൊലി പോലെ

25 ശാസ്ത്രക്രീയകൾ ചെയ്‌തെങ്കിലും ഈ അത്യപൂര്‍വമായ രോഗത്തിൽ നിന്നും  ഇരുപത്തെട്ടുകാരനായ അബുള്‍ ബജന്ദറിനെ ആർക്കും രക്ഷിക്കാനാകുന്നില്ല. അബുള്‍ ബജന്ദറിന്റെ കൈകാലുകള്‍ ഇപ്പോഴും മരത്തൊലി പോലെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍, മേയ് മാസത്തില്‍ ശരീരത്തില്‍ വീണ്ടും അസാധാരണ വളര്‍ച്ച വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

‘ട്രീ മാന്‍ സിന്‍ഡ്രോം’ അഥവാ epidermodysplasia verruciformsi  എന്ന അപൂര്‍വ ജനിതകരോഗമാണ് ഈ ബംഗ്ലാദേശ് സ്വദേശിയുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. കൈകളില്‍നിന്ന് വളരുന്ന മരത്തൊലിക്കു സമാനമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ 2016 മുതല്‍ ഇരുപത്തഞ്ച് ശസ്ത്രക്രിയകള്‍ക്കാണ് ബജന്ദര്‍ വിധേയനായത്.മുമ്പ് റിക്ഷാവലിക്കാരനായിരുന്ന ബജന്ദറിന് രോഗം പ്രത്യക്ഷപ്പെട്ടതിനു ശേഷം ജോലി ചെയ്യാന്‍ പോലും സാധിക്കാതെയായി. ശരീരത്ത് പ്രത്യക്ഷപ്പെടുന്നത് മരത്തൊലിക്കു സമാനമായ വളര്‍ച്ചയായതിനാല്‍ ‘ട്രീ മാന്‍’ എന്നും ബജന്ദറിനെ വിശേഷിപ്പിക്കാറുണ്ട്‌.രോഗം ഭേദമാവുകയണെങ്കില്‍ അത് വൈദ്യശാസ്ത്രത്തില്‍ നാഴികക്കല്ലാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. എന്നാല്‍ മേയ് മാസത്തില്‍ ശരീരത്തില്‍ വീണ്ടും വളര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ജീവനക്കാരെ അറിയിക്കാതെ ബജന്ദര്‍ ആശുപത്രി വിട്ടു പോയി.

പാദത്തിലെയും കയ്യിലെയും പുതിയഭാഗങ്ങളില്‍ വീണ്ടും രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍നിന്ന് ഓടിപ്പോന്നത് എന്റെ തെറ്റാണ്. എന്നാല്‍ ഇക്കുറി ഡോക്ടര്‍മാര്‍ക്ക് എന്റെ രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ബജന്ദര്‍ പറയുന്നു. എന്നാല്‍ മുമ്പത്തേക്കാള്‍ ബജന്ദറിന്റെ സ്ഥിതി ഗുരുതരമായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ധാക്ക മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി സാമന്ത ലാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.ഭാര്യയും മകളും അടങ്ങുന്നതാണ് ബജന്ദറിന്റെ കുടുംബം. സൗജന്യമായാണ് ഇദ്ദേഹത്തിന് ചികിത്സ ലഭിച്ചിരുന്നത്. ബജന്ദറിന്റെ ദുരിതം അറിഞ്ഞതോടെ ഇദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2017ല്‍ ഒരു പെണ്‍കുട്ടിക്കും ബംഗ്ലാദേശില്‍ ട്രീമാന്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

Devika Rahul