Categories: Malayalam Article

ഒരു ധിക്കാരി ആയി അറിയപ്പെടണം….. ജന്മം കൊണ്ട് ജീവിതത്തോടോ…. കർമം കൊണ്ട് വിധിയൊടൊ

ഒരു ധിക്കാരി ആയി അറിയപ്പെടണം…..
ജന്മം കൊണ്ട് ജീവിതത്തോടോ….
കർമം കൊണ്ട് വിധിയൊടൊ
തോൽക്കാത്തവൾ ആകണം…

കണ്ണീരിന്റെ ഉപ്പുരസം കൊണ്ടാകണം ഒരു പിടി അന്നം നാവിൽ രുചിക്കാൻ..
ചോരയുടെ ചുവപ്പു നിറം ആയിരിക്കണം അനീതിയോടു പൊരുതുമ്പോ സിരകളിൽ നിന്ന് ഇറ്റു വീഴാൻ….
കണ്ണുകളിൽ അനുകമ്പയുടെ വെളിച്ചതോടൊപ്പം അഗ്നി ജ്വലിക്കുന്ന പകയേ കൂടെ കൂട്ടണം…

ശരീരം തോൽക്കുന്നിടത്തു മനസ്സ് കൊണ്ട് ജയിക്കണം…. മനസ്സ് പതറുമ്പോ ശരീരം കൂടുതൽ മൂർച്ചയുള്ള ആയുധമാക്കി മിനുക്കണം…
പ്രണയിക്കുമ്പോ തിരമാല പോൽ പ്രിയന്റെ ആത്മാവിലേക്ക് മടങ്ങി വരണം…
ചതിക്കപെടുമ്പോ നെഞ്ച് കീറി അവന്റെ ഹൃദയത്തെ എന്നേക്കുമായി പറിച്ചെറിയണം….

ഭാര്യയാകുമ്പോൾ സ്നേഹമില്ലെന്ന പരാതിയുടെ ഭാണ്ഡം ചുമക്കണം….
അമ്മയാകുമ്പോ അവസാനതുള്ളി അമൃതും കൺമണിയുടെ വിശപ്പകറ്റാൻ കരുതണം….
മരണം വിളിക്കുമ്പോ ……… യാത്ര പറയാൻ വിതുമ്പി……സ്നേഹിച്ചവരുടെ വിരൽ തുമ്പിൽ ഒരിക്കൽ കൂടി തൊടുവാൻ യാചിക്കണം……
ശൂന്യതയിൽ ചേരുമ്പോ ഞാനായിരുന്ന അവസ്ഥയിലേക്കും… എല്ലാവരിലേക്കും കാറ്റായി തഴുകി കടന്നു പോകണം…

ഒരു പെൺജന്മത്തിനു ഇതിൽ കൂടുതൽ സൗഭാഗ്യങ്ങൾ വേണ്ടതില്ല…..
തകർച്ചയിൽ നീ തോൽക്കാതെ ഇരിക്കാൻ നിന്നോടൊപ്പം ഞാൻ നടക്കുന്നുണ്ട്…..
കാൽ വഴുതിയാലോ കാഴ്ച പോയാലോ തളർന്നു നീ ഭൂമിയിൽ പതിക്കും മുന്നേ എന്റെ കരങ്ങൾ നിന്നെ താങ്ങിയിരിക്കും ………..

Devika Rahul